2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാ മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ഏറെ നിർണായകമാണ്. അതുകൊണ്ടുതന്നെ പരമാവധി മികച്ച സ്ഥാനാർത്ഥികളെ അവതരിപ്പിച്ച് ഏതുവിധേനയും വിജയിക്കുവാനും അതുവഴി അധികാരത്തിൽ എത്തുവാനുമുള്ള കുറുക്കുവഴികൾ നോക്കുകയാണ് മുന്നണികൾ. ഇടതുമുന്നണിയെ സംബന്ധിച്ച് അധികാര തുടർച്ചയാണ് ലക്ഷ്യം. യുഡിഎഫിനാകട്ടെ ഏതുവിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ മുന്നണി തന്നെ പിന്നീട് ഉണ്ടാവുകയില്ല. ബിജെപിക്കും തെരഞ്ഞെടുപ്പ് വിജയം അഭിമാന പോരാട്ടം തന്നെയാണ്. ഉറച്ച രാഷ്ട്രീയ പ്രവർത്തകർക്ക് പുറമേ മറ്റ് മേഖലകളിലെ പ്രമുഖരെയും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കുവാനും സാധ്യതയുണ്ട്. കോൺഗ്രസിലേക്ക് വരുമ്പോൾ പ്രശസ്ത സിനിമാതാരം പിഷാരടിക്ക് സീറ്റ് ലഭിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
തൃപ്പൂണിത്തുറയിൽ കെ ബാബു മത്സര രംഗത്തുനിന്നും മാറി നിൽക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് സിനിമ നടൻ കൂടിയായ പിഷാരടിയാണ്. കോൺഗ്രസിലേക്ക് സമീപകാലത്ത് സിനിമ മേഖലയിൽ നിന്നും ഒട്ടേറെ പേർ കടന്നുവന്നെങ്കിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സ്വീകാര്യത നേടുവാൻ കഴിഞ്ഞത് പിഷാരടിക്കായിരുന്നു. നിറഞ്ഞ വേദികളിൽ പ്രവർത്തകരെ ആവേശഭരിതം ആക്കുന്ന ഒട്ടേറെ പ്രസംഗങ്ങൾ പിഷാരടിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ജനകീയ വിഷയങ്ങളിൽ പലതിലും ക്രിയാത്മകമായി നടൻ നടത്തുന്ന ഇടപെടലുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. മാത്രവുമല്ല കോൺഗ്രസിലെ മിക്ക നേതാക്കന്മാരുമായും അടുത്ത ബന്ധവും പിഷാരടിക്കുണ്ട്. ഈ ഘടകങ്ങൾ എല്ലാം ചേരുമ്പോൾ തൃപ്പൂണിത്തുറയിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്നത് പിഷാരടിക്ക് തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ട് പോലുമില്ലെങ്കിലും പല നേതാക്കന്മാരുടെയും മനസ്സിലുള്ള രൂപം പിഷാരടിയുടേത് തന്നെയാണ്. പിഷാരടിയുടെ ചെറുപ്പവും പരിഗണനയുടെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. കോൺഗ്രസിലേക്ക് പിഷാരടി എത്തിയപ്പോൾ പലതരത്തിലുള്ള വിമർശനങ്ങളും സൈബർ അതിക്രമങ്ങളും നേരിട്ടിരുന്നു. എന്നാൽ അത്തരം അതിക്രമങ്ങൾക്ക് അതേ നാണയത്തിലുള്ള മറുപടികൾ പിഷാരടി നൽകിയപ്പോൾ എല്ലാം കയ്യടികളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പിഷാരടി കോൺഗ്രസിന്റെ ഭാഗമായതിനുശേഷം സിനിമാ മേഖലയിൽ നിന്നും പലരെയും പാർട്ടിയിലേക്ക് അടുപ്പിക്കുവാൻ അദ്ദേഹം മുൻകൈ എടുക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ സംഘടനങ്ങളിലും അദ്ദേഹത്തിനുള്ള ആധിപത്യം ഇനിയും ഏറെ താരങ്ങളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുവാൻ ഗുണകരമാകുമെന്നും കോൺഗ്രസ് കരുതുന്നു. അതേസമയം, നിലവിൽ മന്ത്രിയും മുൻപ് സിനിമാതാരവും ആയിരുന്ന കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തും പിഷാരടിയെ പരിഗണിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്. പിഷാരടിക്ക് പുറമേ കോൺഗ്രസ് പരിഗണിക്കുന്ന മറ്റൊരു പേര് ദൃശ്യം സിനിമയിൽ തിളങ്ങിയ അഡ്വ. ശാന്തി മായാദേവിയുടെതാണ്. പിഷാരടി വഴിയാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് പലയാവർത്തി ശാന്തി പറഞ്ഞിട്ടുണ്ട്. ഗാനന്ധര്വനില് മമ്മൂട്ടിയുടേയും ദൃശ്യം 2ൽ മോഹൻലാലിന്റേയും വക്കീൽ ആയി വേഷമണിഞ്ഞ ശാന്തി മായാദേവി ജീവിതത്തിലും വക്കീലാണ്. ജൂനിയർ അഡ്വക്കേറ്റിൽ നിന്ന് കേരള ഹൈക്കോടതിയില് പ്രാക്ടീസ് ചെയ്യുന്ന ശാന്തി എന്ന വക്കീൽ ഒരു ജൂനിയർ താരത്തിനപ്പുറം ലിയോയിലെ ദളപതി വിജയുടെ വക്കീലായും മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേരി’ന്റെ തിരക്കഥാകൃത്തായും തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണ രംഗത്ത് ശാന്തി മായദേവി സജീവമായിരുന്നു. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിന് വേണ്ടിയും ചിറ്റൂരിൽ സുമേഷ് അച്യുതന് വേണ്ടിയും കായംകുളത്ത് അരിതാ ബാബുവിന് വേണ്ടിയും ശാന്തി പ്രചാരണത്തിന് എത്തി.
കോൺഗ്രസിന്റെ അഡ്വക്കേറ്റുമാരുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് ശാന്തി മായദേവി. അത്തരത്തിൽ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് നടിക്കുള്ളത്. നടിയെ പരിഗണിക്കുന്ന മണ്ഡലം ഏതെന്നത് വ്യക്തമല്ലെങ്കിലും സാധ്യത പട്ടികയിൽ ശാന്തിയും ഉണ്ടെന്നതാണ് ലഭിക്കുന്ന വിവരം. എത്ര തവണ സീറ്റ് നൽകിയാലും പരാജയപ്പെടുന്ന സ്ഥിരം താപ്പാനകളെ മാറ്റിയാണ് കോൺഗ്രസ് ശാന്തി മായാദേവിയെ പോലെയുള്ളവരെ പരീക്ഷണത്തിന് ഇറക്കുന്നത്. ഈ പരീക്ഷണം എത്ര കണ്ട് വിജയിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.