കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ കോടികള്‍ ചിലവഴിച്ച് വീണ്ടും ലോക കേരള സഭ.തിരഞ്ഞെടുപ്പിന് പിന്നാലെ ജൂണ്‍ 13, 14, 15 തീയ്യതികളില്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ ലോക കേരളസഭ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ജൂണ്‍ 5, 6, 7 ദിവസങ്ങളില്‍ സഭാ സമ്മേളനം നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിനായതിനാല്‍ തീയ്യറിയില് മാറ്റം വരുത്തുകയായിരുന്നു.ലോക കേരള സഭയുടെ നാലാം എഡിഷന് സൗദിയില്‍ വച്ച് നടത്താനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ലോകകേരള സഭയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.അതോടെ ആ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.
2019 ല്‍ ദുബായില്‍ വച്ചായിരുന്നു ആദ്യ മേഖലാ സമ്മേളനം നടത്തിയത്.ഇവിടെ എത്ര പണം ചിലവായെന്നോ,എത്ര പണം സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചുവെന്നോ വ്യക്തമല്ല.തുക സര്‍ക്കാര്‍ കൈപ്പറ്റിയിട്ടില്ലെന്ന കാരണത്താല്‍ ഓഡിറ്റ് നടത്തിയിട്ടില്ലെന്നാണ് വിശദീകരണം.2022 ല്‍ ലണ്ടനില്‍ നടന്ന മേഖലാ സമ്മേളനത്തിലും ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തിലും ഇതേ രീതിയാണ് തുടര്‍ന്നത്.ഒന്നാം മേഖലാ സമ്മേളനത്തില്‍ പ്രതിനിധി സംഘത്തിന്റെ വീസ, വിമാനയാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് ചിലവായത് 18.40 ലക്ഷം രൂപയാണെന്നുമാത്രമാണ് കണക്കുള്ളത്.
സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ലോകകേരള സഭ രൂപീകരിച്ചത്.ഐ എ എസ് ഉദ്യോഗസ്ഥയാണ് ഡയറക്ടര്‍.മൂന്നു എഡിഷനുകളിലും മൂന്ന് മേഖലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ വകുപ്പു സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടിയായിരുന്നിട്ടും ഒന്നിനും കണക്കില്ലെന്നത് വിചിത്രമാണ്.കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇത്തരമൊരു ധൂര്‍ത്ത് നടത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നിരുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് വീണ്ടും ലോകകേരള സഭ ചേരുന്നത്.പ്രവാസികള്‍ സമ്മേളനത്തിനായി എത്തുന്നത് അവരുടെ സ്വന്തം ചിലവിലാണെന്നായിരുന്നു പ്രതിഷേധക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പ്രതികരണം.എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്ന പ്രതിനിധികള്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാരാണ് ഒരുക്കുന്നത്.
കഴിഞ്ഞ ജൂണില്‍ അമേരിക്കയില്‍ നടന്ന ലോകകേരളസഭയുടെ മേഖലാ സമ്മേളനവും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിടാനും,ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയതും വിവാദമായിരുന്നു.എന്നാല്‍ കഴിഞ്ഞ മൂന്ന് ലോകകേരള സഭയില്‍ ഉന്നയിച്ച ഒരു നിര്‍ദ്ദേശവും നടപ്പാവാത്തതില്‍ പ്രവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.മേഖലാ സമ്മേളനങ്ങളുടെ കണക്കുകളൊന്നും ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്നാണ് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.കഴിഞ്ഞ ലോകകേരള സഭയ്ക്ക് ചിലവായത് 2.5 കോടിയായിരുന്നു.
ജൂണില്‍ നടക്കുന്ന ലോകകേരള സഭാ സെക്രട്ടറിയേറ്റില്‍ ലോകകേരള സഭയില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് 31 ന് പൂര്‍ത്തീകരിച്ചിരുന്നു.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് വിദേശ മലയാളികളെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനായി ലോകകേരള സഭ ആരംഭിക്കുന്നത്.പ്രവാസികള്‍ക്കിടയില്‍ നിന്നും നിര്‍ദ്ദേശങ്ങളം അഭിപ്രായങ്ങളും ക്രോഡീകരിച്ച് വിദേശ മലയാളികള്‍ പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം.ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു,എന്നാല്‍ ഈ പ്രമേയത്തില്‍ ഒന്നും നടന്നില്ല.
പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കല്‍, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നല്‍കേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.
കോവിഡിനു മുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചു. വിദേശരാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാര്‍ത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണം. തൊഴിലാളികള്‍ക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗണ്‍സിലില്‍ ഇന്ത്യ അംഗമാകണം.പ്രവാസി തൊഴിലാളികളുടെ കാര്യങ്ങളില്‍ നയതന്ത്രപരമായ ഇടപെടല്‍ നടത്താന്‍ ഇതുവഴി ഇന്ത്യയ്ക്കു കഴിയും.അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.അതു വഴി പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം.
തൊഴിലാളി തര്‍ക്കങ്ങളില്‍ ഇടപെടുന്നതില്‍ ഉദ്യോഗസ്ഥരുടെ അഭാവം പലപ്പോഴും പ്രശ്നങ്ങളെ കൃത്യമായി നേരിടുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്.ഇത് പരിഹരിക്കാന്‍ വഴിയൊരുക്കണം.എംബസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പ്രവാസികള്‍ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.സ്ത്രീ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിലവിലെ നിയമങ്ങള്‍ പരിഷ്കരിക്കണം.തൊഴില്‍ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണം. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സഭയില്‍ വെച്ച പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടതടക്കം വിദേശ പ്രവാസികള്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ലഭ്യമാക്കണം.പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തില്‍ ദേശീയ കുടിയേറ്റ സമ്മേളനം നടത്താന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും സഭയില്‍ അവതരിപ്പിച്ചു.
പ്രവാസി നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുകയും വിദേശ രാജ്യങ്ങളിലെ അധിക പഠനച്ചെലവ് കണക്കിലെടുത്ത് പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തില്‍ പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നുമായിരുന്നു ലോകകേരളസഭയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.ലോകകേരള സഭയില്‍ അവതരിക്കപ്പെടുന്ന പ്രമേയങ്ങള്‍ക്ക് നിയമസാധുത ഇല്ല.രണ്ടാം ലോക കേരള സഭ സമ്മേളനത്തിലെ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നുള്ള പ്രതിനിധികളുടെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന ആരോപണം നിനില്‍ക്കെയാണ് നാലാം ലോകകേരള സഭയുടെ ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരഭിച്ചിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ആര്‍ക്കും ഗുണമില്ലാത്ത ലോകകേരള സഭ സംഘടിപ്പിക്കുന്നത് എന്തിനെന്ന ചോദ്യമാണ് പ്രവാസികളിലും ഉയരുന്നത്.