കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷ സൂപ്പർവൈസർമാരായി വിരമിച്ച പൊലീസുകാരെയും പ്രതിരോധ ഉദ്യോഗസ്ഥരെയും നിയമിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ. എല്ലാ സംസ്ഥാനങ്ങളിലെയും മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സുരക്ഷ കടുപ്പിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ചൊവ്വാഴ്ച സംസ്ഥാന അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പൊലീസ് ഓഫീസ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ഇൻസ്പെക്ടർ മുതൽ സൂപ്രണ്ട് വരെയുള്ള റാങ്കുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇതിലേക്ക് യോഗ്യരായിരിക്കും.അതുപോലെ ഇന്ത്യൻ ആർമിയിൽ നിന്നും ഇന്ത്യൻ എയർഫോഴ്സിൽ നിന്നും തത്തുല്യ റാങ്കുകളുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രതിരോധ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ എല്ലാ ജില്ല പൊലീസ് സൂപ്രണ്ടുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 24-നകം അപേക്ഷിക്കണം. അവരുടെ ശമ്പളത്തിനായുള്ള ചെലവ് സംസ്ഥാന ആരോഗ്യ വകുപ്പ് വഹിക്കും.
രാജ്യത്തുടനീളമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷക്കായി നടപടികൾ നിർദേശിക്കാൻ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബലാത്സംഗ കൊലപാതകത്തെത്തുടർന്ന് ആർജി കറിൽ മാത്രമല്ല പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രികളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.