കൊൽക്കത്ത: നീതി തേടുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം എങ്ങുമെത്താതെ തുടരുകയാണ്. ബംഗാളിലെ ആർ.ജികർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിലെ പ്രതിഷേധം പുതിയ തലത്തിലേക്ക് മാറുകയാണ്.
കൊലചെയ്യപ്പെട്ട ഡോക്ടർക്ക് നീതി തേടി ‘രാത്രി വീണ്ടെടുക്കൽ’ പ്രതിഷേധവുമായി ഇന്ന് രാത്രി 11 മണിക്ക് ആയിരക്കണക്കിന് ആളുകൾ പശ്ചിമ ബംഗാളിലെ തെരുവുകളിലിറങ്ങും. ‘ഭരണാധികാരിയെ ഉണർത്താൻ’ ആരംഭിക്കുന്ന പ്രകടനത്തിൽ സംഗീതജ്ഞർ, കലാകാരന്മാർ, ചിത്രകാരന്മാർ, അഭിനേതാക്കൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് സാമൂഹിക പ്രവർത്തകൻ റിംജിം സിൻഹ പറഞ്ഞു.
പ്രകടനത്തിന്റെ ഭാഗമായി വിവിധ കവലകളിലും ക്രോസിംഗുകളിലും റൗണ്ട് എബൗട്ടുകളിലും ആളുകൾ ഒത്തുകൂടും. തെക്കൻ കൊൽക്കത്തയിലെ എസ്.സി മല്ലിക് റോഡിലൂടെ ഗോൾ പാർക്ക് മുതൽ ഗാരിയ വരെ ഒന്നിലധികം റാലികൾ നടക്കും. സോദേപൂരിൽനിന്ന് ബി.ടി റോഡിലൂടെ ശ്യാംബസാറിലേക്ക് പ്രതിഷേധ മാർച്ച് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകരിലൊരാൾ പറഞ്ഞു.
കൊൽക്കത്ത കൂടാതെ, ബരാക്പൂർ, ബരാസത്ത്, ബഡ്ജ്ബഡ്ജ്, ബെൽഗാരിയ, അഗർപാര, ഡംഡം, ബാഗുയാറ്റി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പ്രകടനങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞ് 44 സ്കൂളുകളിലെ പൂർവ വിദ്യാർഥികൾ ദക്ഷിണ കൊൽക്കത്തയിലെ ഗരിയാഹട്ടിൽനിന്ന് റാസ്ബെഹാരി അവന്യൂവിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.