പി വി അൻവർ എംഎൽഎയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തെ പല കോണുകളിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. ആത്മഹത്യാപരമൊന്നും അതിശയകരമെന്നും അനിവാര്യമെന്നുമെല്ലാം ഈ രാഷ്ട്രീയ നീക്കത്തെ നോക്കിക്കാണുന്നവരുണ്ട്. ഏറെ നാളത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷമാണ് അൻവർ ഒടുവിൽ ഒരു വഴി തിരഞ്ഞെടുത്തിരിക്കുന്നത്. അൻവർ കൊൽക്കത്തയ്ക്ക് വണ്ടി കയറുമ്പോൾ തനിക്കൊപ്പം ഇടതുപക്ഷത്തുനിന്ന് കൂടുതൽ എംഎൽഎമാർ കടന്നു വരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അതിൽ ഒരാൾ ആരെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്.
എൻസിപി എസുമായി ഇടഞ്ഞു നിൽക്കുന്ന തോമസ് കെ തോമസ് എംഎൽഎ ഇടതുബന്ധം ഉപേക്ഷിച്ച് പി വി അൻവറിനൊപ്പം രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും അൻവറിനെ പോലെ തോമസ് കെ തോമസും കുറച്ചുകാലമായി അത്ര രസത്തിലല്ല. ഉറപ്പായും മന്ത്രിസ്ഥാനത്തേക്ക് അവസരം നൽകുമെന്ന തോമസ് കെ തോമസിന് ഇടതുമുന്നണി നൽകിയ ഉറപ്പിനെ തകർത്തത് മുഖ്യന്റെ കൂടി അറിവോടെ ആണെന്ന് തോമസ് കരുതുന്നു. മന്ത്രിസ്ഥാനത്തിന് വേണ്ടി അവസാനഘട്ടം വരെ വാശി പിടിക്കുമ്പോഴും എൻസിപി എസ് നേതൃത്വം പോലും അംഗീകരിക്കുമ്പോഴും വിലങ്ങുതടിയായി നിന്നത് മുഖ്യമന്ത്രിയുടെ കർക്കശ നിലപാടായിരുന്നു. അതുകൊണ്ടുതന്നെ മുഖ്യനെതിരായ അൻവറിന്റെ അശ്വമേധത്തിന് തോമസ് കെ തോമസും പച്ചക്കൊടി കാട്ടിയാൽ അത്ഭുതപ്പെടാനില്ല.
അടുത്ത ദിവസങ്ങളിൽ തന്നെ മമതയെ നേരിട്ട് കാണുവാൻ തോമസ് കെ തോമസ് കൊൽക്കത്തയിലേക്ക് എത്തുമെന്നാണ് സൂചന. പി വി അൻവറും അദ്ദേഹത്തെ അനുഗമിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിലും എംഎൽഎയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. തോമസ് കെ തോമസ് പാര്ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപം വരെ സമ്മേളനത്തിൽ ഉയർന്നു. തോമസ് കെ. തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവെച്ചു. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെപ്പെട്ടു.
ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം. കുട്ടനാടിനെ കുറിച്ചും കേരളത്തെ കുറിച്ചും ഒരു ധാരണയുമില്ലാത്ത ആളാണ് തോമസ് കെ. തോമസ്. സർക്കാർ വികസന പദ്ധതികൾ ഫോളോ അപ്പ് ചെയ്യാത്ത ആളാണ് തോമസ് തോമസെന്നും പ്രിതിനിധികൾ പറഞ്ഞു.എംഎൽഎ കരാറുകാരിൽനിന്ന് പണം വാങ്ങുന്നുണ്ടെന്നും ആരോപണമുയർന്നു. മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും സാന്നിധ്യത്തിലാണ് പ്രതിനിധികളുടെ വിമർശനം. ഇത് തോമസ് കെ തോമസിനെ കൂടുതൽ ചൊടിപ്പിട്ടുണ്ട്. ഇതോടെയാണ് തോമസ് കെ തോമസ് കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതെന്ന് അറിയുന്നു.
എൻസിപി എസിൽ ആകെ ശശീന്ദ്രനോട് മാത്രമാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും താല്പര്യമുള്ളത്. തോമസ് കെ തോമസ് തനിക്കൊപ്പം പങ്കുചേരുന്നത് മലബാറിന് പുറത്തേക്കും തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് അൻവർ കരുതുന്നു. തോമസ് കെ തോമസ് ഭാഗമാകുന്നതോടെ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ളവരുടെ പിന്തുണയും തനിക്ക് ലഭിക്കുമെന്ന് അൻവർ പ്രതീക്ഷിക്കുന്നു. അടുത്തമാസത്തോടെ മമത കേരളത്തിലേക്ക് എത്തി കരുത്തു കാട്ടുന്ന രാഷ്ട്രീയ പരിപാടികൾക്കു കൂടി നേതൃത്വം നൽകുന്നതോടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകും. സ്വാഭാവികമായും ഇന്ത്യ മുന്നണിയിൽപ്പെട്ട തൃണമൂൽ ഭാവിയിൽ ഏതെങ്കിലും ഒരു മുന്നണിയിൽ സംസ്ഥാനത്ത് ചേരുകയും ചെയ്യും. നിലവിൽ സ്ഥിതിയിൽ തോമസിനും അൻവറിനും നേരിട്ട് യുഡിഎഫിലേക്ക് കയറുന്നതിന് ഒട്ടേറെ പരിമിതികൾ നിലനിൽക്കുന്നുണ്ട്.
അതേസമയം ഇരുവർക്കും തൃണമൂൽ കോൺഗ്രസ് യുഡിഎഫിലേക്കുള്ള കുറുക്കുവഴി കൂടിയാണ്. ശക്തി തെളിയിച്ചാൽ യുഡിഎഫിനുള്ളിൽ നിന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുവാൻ തൃണമൂൽ കോൺഗ്രസിന് കഴിയും. ഘടകകക്ഷി എന്ന നിലയിൽ യുഡിഎഫിലേക്ക് എത്തി സീറ്റുകൾ ആവശ്യപ്പെട്ടാൽ കോൺഗ്രസിനും കാര്യമായി എതിർക്കുവാൻ കഴിയില്ല. ലീഗും ഏറെക്കുറെ വിട്ടുവീഴ്ചകൾ ചെയ്യുന്നതിനാണ് സാധ്യത. അൻവറിനെ ഒപ്പം നിർത്തിയില്ലെങ്കിൽ മലബാറിൽ അത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് ലീഗിന് നന്നായി അറിയാം. തോമസ് കെ തോമസ് എംഎൽഎക്ക് പുറമെ കെ ടി ജലീലും കോവൂർ കുഞ്ഞുമോനും തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
കെ ടി ജലീൽ ഏറെ നാളുകളായി സിപിഎമ്മുമായി അകന്നു കഴിയുകയാണ്. പല ഘട്ടങ്ങളിലും നേതൃത്വത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം പല ആവർത്തി വ്യക്തമാക്കിയിരുന്നു. കോവൂർ കുഞ്ഞുമോനെ അടുത്ത തവണ കുന്നത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ നന്നേ കുറവാണ്. ആർഎസ്പി യിലേക്ക് തിരികെ പോകാം എന്ന് കരുതിയാൽ അവരും അടുപ്പിക്കുവാനുള്ള സാധ്യതകൾ ഇല്ല. അതുകൊണ്ടാണ് കുഞ്ഞുമോൻ രാഷ്ട്രീയ മാറ്റത്തിന് ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു. ഏതായാലും അൻവറും തൃണമൂൽ കോൺഗ്രസ്സും പലരെയും ചാക്കിട്ട് പിടിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അൻവറിനെയും അൻവർ വഴി മമതയെയും വിശ്വസിച്ച് ആരൊക്കെ ആ വഴി സഞ്ചരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്