കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. സംഘർഷത്തിനു ശേഷം ആക്രമിച്ചവരിൽ ഒരാളുടെ ശബ്ദമാണ് സന്ദേശത്തിലുള്ളത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നുമില്ല’’ എന്നാണ് വിദ്യാർത്ഥി പറയുന്നത്. കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ലെന്ന് മറ്റൊരു വിദ്യാർത്ഥി പറയുന്നതും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന് സെന്ററിന് സമീപം എത്താനായിരുന്നു ആഹ്വാനം. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന് സെന്ററിനുസമീപത്ത് വച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഷഹബാസ് മരിച്ചത്.