തിരുവനന്തപുരം: പൊതുപരിപാടിക്കിടയിൽ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പ്രശസ്ത വ്യവസായി രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തത്.
ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ് മോഹൻ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹൻ ആശംസിച്ചത്. ഈ പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ ഈ പരാമർശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കളിൽ ചിരിപടർത്തി.