മുരളീധരന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ, ഇല്ലയോ എന്നതായിരുന്നു എല്ലാവരിലും ആശയകുഴപ്പം സൃഷ്ടിച്ച ചോദ്യം. സ്വന്തം അമ്മയെ അവഹേളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ മുരളീധരന് എത്തില്ലെന്നായിരുന്നു കോണ്‍ഗ്രസുകാര്‍ പോലും കണക്കുകൂട്ടിയിരുന്നത്.
കെ മുരളീധരന് വരുമോ ഇല്ലയോ എന്നത് ഇന്നലെവരെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു. കെ മുരളീധരന് പ്രചാരണത്തിനായി എത്തുമെന്നാണ് നേതൃത്വം പറഞ്ഞിരുന്നതെങ്കിലും ഇന്നലെവരെ മുരളീധരന് പിണക്കത്തിലായിരുന്നു. അത് സത്യവുമാണ്.
എന്നാല്‍ മുരളീധരന് തന്റെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തും, അടുത്തയാഴ്ച താന്‍ പാലക്കാട്ടുണ്ടാവുമെന്നും, ദേശീയ നേതൃത്വം തന്നോട് പ്രചാരണത്തിന് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ അക്കാര്യത്തിലുള്ള അവ്യക്തത അങ്ങ് മാറികിട്ടി.
എന്നാല്‍ കെ മുരളീധരന് ഉന്നയിച്ച രാഷ്ട്രീയ വിഷയങ്ങളില്‍ എന്ത് സംഭവിക്കുമെന്നാണ് ഉയരുന്ന ചോദ്യം. നേതൃത്വം തന്നെ പരിഗണിക്കുന്നില്ലെന്നുള്ള ആരോപണമാണ് ഏറ്റവും പ്രധാന ആരോപണം. ഓരോ മണ്ഡലത്തില്‍ നിന്നും പന്തു തട്ടുന്നതുപോലെ തട്ടിക്കൊണ്ടിരുന്നതാണ് രാഷ്ട്രീയമായ എല്ലാ തിരച്ചടികള്ക്കും പ്രധാന കാരണമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
എല്ലാകാലത്തും പരാതിക്കാരനായിരുന്നു കെ മുരളീധരന്. മന്ത്രിയായിരിക്കെ വടക്കാഞ്ചേരിയില്‍ മത്സരിക്കാനെത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ മുരളീധരന് കേരള രാഷ്ട്രീയത്തില്‍ ഏറെ അപഹാസ്യനായി മാറിയ ചരിത്രമാണ് നാം പിന്നീട് കണ്ടത്.
തോല്‍ക്കുമ്പോള്‍ പ്രതിഷേധിക്കുന്നതും ഒപ്പം കഠിനമായ ഭാഷയില്‍ പ്രതികരിക്കുന്നതും മുരളീധരന്റെ ശൈലിയാണ്. തനിക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് ശക്തവും ചിലപ്പോള്‍ നീചമായ ഭാഷയിലുമായിരിക്കും പ്രതികരണം.
കൊടകര കളളപ്പണക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം
പ്രതിഷേധവും പ്രതികരണവും സമ്മര്ദ്ധതന്ത്രമായും മുരളീധരന് ഉപയോഗിക്കും. ഒരു വേള ഹൈക്കമാന്റിനേയും മറ്റു ദേശീയ നേതാക്കളേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതിന്റെ തിക്തഫലമാണ് മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായതെങ്കിലും എല്ലാ കാലത്തും ഏറെ പ്രത്യേകതകള്‍ പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ് നേതാവുതന്നെയാണ് മുരളീധരന്.
കെ മുരളീധരന് തന്ത്രശാലിയായ നേതാവാണ്. ചിലപ്പോഴൊക്കെ പാളിച്ചകള്‍ പറ്റാറുണ്ടെങ്കിലും നീക്കങ്ങളില്‍ വീഴ്ചവരാറുണ്ടെങ്കിലും കരുണാകര പുത്രന് തന്ത്രശാലിതന്നെയാണ്. നാല് തവണ പാര്‍ലമെന്റ് അംഗവും രണ്ട് തവണ നിയമസഭാംഗവുമായ മുരളീധരന് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായതിന്റേയും കരുത്തിലാണ് പൊതു പ്രവര്‍ത്തനരംഗത്ത് എന്നും സജീവതപുലര്ത്താന് കഴിഞ്ഞത്.
സ്പിന്നര്‍മാര്‍ നിറഞ്ഞാടി, ന്യൂസിലന്റ് 235 ന് പുറത്ത്
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തുമ്പോഴും തന്റെ സ്വന്തം തട്ടകം കുറച്ചുകൂടി വിപുലമാക്കാന്‍ എന്നും ശ്രദ്ധിക്കാറുണ്ട് കെ മുരളീധരന്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണവും തന്റെ തട്ടകം കുറച്ചുകൂടി ഭദ്രമാക്കുന്നതിനാണെന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏവര്‍ക്കും വ്യക്തമാണ്.
തൃശ്ശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ആരാണ് എന്ന ചോദ്യമാണ് മുരളീധരന് പ്രധാനമായും നേതൃത്വത്തോട് ഉന്നയിച്ചിരിക്കുന്നത്. വടകരയെന്ന സുരക്ഷിതമായ മണ്ഡലത്തില്‍ നിന്നും തൃശ്ശൂരില്‍ തന്നെ കൊണ്ടുവന്നത് കൊല്ലാനായിരുന്നോ അതോ വളര്‍ത്താനായിരുന്നോ എന്ന മുരളീധരന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നേതൃത്വം നല്‍കേണ്ടിവരും.
പാലക്കാട് സീറ്റില്‍ നിന്നും മാറുമ്പോള്‍ ഷാഫി പറമ്പില്‍ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചത് തെറ്റാണെന്നാണ് മുരളീധരന് വ്യക്തമാക്കിയത്. താന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലേക്ക് പോയപ്പോള്‍ ആരേയും പിന്‍ഗാമിയായി പ്രഖ്യാപിച്ചില്ല. അപ്പോള്‍ വടകരയിലേക്ക് മാറുമ്പോള്‍ ഷാഫിയും അതു ചെയ്യരുതായിരുന്നു എന്നാണ് മുരളീധരന്റെ വാദം.
തൃശ്ശൂരിലെ തോല്‍വിയില്‍ ആകെ ആശയക്കുഴപ്പത്തിലാണ് മുരളീധരന്. ഇനി മത്സരത്തിനില്ലെന്നും താന്‍ അവധിയെടുക്കുന്നുവെന്നുമാണ് മുരളീധരന് പറയുന്നത്. എന്നാല്‍ ഇത്രയൊക്കെ പറയുമ്പോഴും കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നുള്ള ആഗ്രഹമാണ് അദ്ദേഹം മനസില്‍ വച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തം.
ഘടകകക്ഷികള്‍ ‘ഘടകമേയല്ലാത്ത ഇടതുപക്ഷം’
ആരാണ് പാലക്കാട് അദ്ദേഹത്തെ വെട്ടിയതെന്ന് വ്യക്തമല്ല. എന്നാല്‍ ഒരു ഉന്നതനാണ് എന്നുമാത്രം പറഞ്ഞിരിക്കുകയാണ്. താന്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിലൊന്നും ഇതുവരെ തീര്പ്പുണ്ടാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിയുംവരെ ഞാന്‍ അക്കാര്യത്തില്‍ പ്രതികരിക്കില്ലെന്നുമാണ് മുരളീധരന് പറയുന്നത്. ഇത് മുരളീധരന്റെ സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നത്.
പാലക്കാട് പ്രചരണത്തിന് പോവില്ലെന്നത് താന്‍ നേരത്തെ എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു മുരളീധരന് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ സാന്നിധ്യം ആവശ്യമെങ്കില്‍ പാലക്കാട് പ്രചരണത്തിന് എത്തുമെന്നും സൂചിപ്പിച്ചിരുന്നു. ഇത് ദേശീയ നേതാക്കള്‍ തന്നെ നിര്‍ബന്ധിക്കണം എന്ന സന്ദേശം നല്‍കാനാണെന്നതും വ്യക്തമായിരുന്നു.
തന്നെ മുഖ്യമന്ത്രിയൊന്നും ആക്കില്ലെന്നും ഒരു പക്ഷേ, തന്നെ വളം വകുപ്പ് മന്ത്രിയായൊക്കെയായി പരിഗണിച്ചേക്കാമെന്നുമുള്ള മുരളീധരന്റെ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വവുമായി പോരാടാനുള്ള നീക്കത്തിന്റെ സൂചനകളായാണ് കെ പി സി സി കാണുന്നത്.
തെരഞ്ഞെടുപ്പില്‍ തിരച്ചടിയുണ്ടായാല് മുരളീധരന് വി ഡി സതീശനെതിരെ ആഞ്ഞടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കെ പി സി സി അധ്യക്ഷസ്ഥാനവും മുരളീധരന് സ്വപ്നം കാണുന്നുണ്ട്.
എന്തായാലും തെരഞ്ഞെടുപ്പിനുശേഷം കടുത്ത പ്രതികരണങ്ങളുമായി കെ മുരളീധരന് രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞു നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തൃശ്ശൂരില്‍ വിളിച്ചുകൊണ്ടുവന്ന്, തന്നെ മനഃപൂര്‍വ്വം തോല്‍പ്പിച്ചുവെന്നാണ് കെ മുരളീധരന് ആരോപിക്കുന്നത്.
അതിനാല്‍ തനിക്ക് പാര്‍ട്ടി സുരക്ഷിതമായൊരു ഇടം നല്‍കണമെന്നാണ് മുരളീധരന്റെ മനസിലിരുപ്പ്. തെരഞ്ഞെടുപ്പുകാലത്ത് മുരളീധരന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമാണ്.