കൊച്ചി:മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ സംഘം റെയ്ഡില്‍ പ്രതികരണവുമായി മുരളി കണ്ണമ്പിളളി.അടിസ്ഥാനരഹിതമായ കേസിന്റെ പേരിലാണ് പരിശോധനയും ചോദ്യം ചെയ്യലും നടന്നതെന്ന് മുരളി കണ്ണമ്പിള്ളി പറഞ്ഞു.രാവിലെ 6.15ന് വീട്ടിലെത്തിയ സംഘം കതക് പൊളിച്ചാണ് വീടിനുള്ളില്‍ കടന്നത്. എട്ട് പേരടങ്ങുന്ന സംഘത്തിന്റെ പരിശോധന ആറ് മണിക്കൂറിലേറെ നീണ്ടു.കണ്ണമ്പിള്ളിയുടെ ലാപ്ടോപ്പും നേരത്തെ മകന് ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ ഉപയോഗശൂന്യമായതുമായ മറ്റൊരു ലാപ്ടോപ്പും ഏതാനും പെണ്‍ഡ്രൈവുകളും കൊണ്ടുപോയിട്ടുണ്ട്. എന്തിനാണ് ഇവ കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല.
ഇന്ന് രാവിലെ പെട്ടെന്ന് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലെത്തുകയും അഭിഭാഷകനെ കാത്തുനില്‍ക്കാതെ പുറകിലത്തെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു. ഭീമ കൊറേഗാവ് കേസിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പിനാണോ എന്‍ഐഎ ശ്രമിക്കുന്നതെന്നാണ് സംശയമെന്ന് മുരളി കണ്ണമ്പിള്ളി പറയുന്നു. പശ്ചിമഘട്ട മലനിരകളില്‍ സായുധ സംഘട്ടത്തിന് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള കേസുകളുടെ പേരിലാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം ആരോപിക്കുന്നു. ചിലരുടെ മൊഴികളുടെ പേരിലാണ് അടിസ്ഥാനരഹിതമായ ഒരു കേസും അതിന്മേലുള്ള നടപടികളെന്നും അദ്ദേഹം പറഞ്ഞു.