തിരുവനന്തപുരം: നിയമസഭയില്‍ വാക്ക്പോരും കയ്യാങ്കളിയും മൂലം സഭ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രിമാര്‍. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. സഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും പറഞ്ഞ മന്ത്രി എംബി രാജേഷ് പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്ന് തെളിഞ്ഞുവെന്നും വിമര്‍ശിച്ചു.
സഭയില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുളള വാക്ക്പോര് പ്രതിപക്ഷത്തെ പ്രതിഷേധത്തിലേയ്ക്ക് നയിച്ചു. ഇതോടെ അടിയന്തര ചര്‍ച്ചയ്ക്ക് നില്‍ക്കാതെ സഭ പിരിയുകയായിരുന്നു.