ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ അഡ്ലെയ്ഡിൽ തുടക്കമാകും. പിങ്ക് ബോളിൽ ഡേ നൈറ്റ് ആണ് മത്സരം. നായകൻ രോഹിത് ശർമയും പരുക്ക് ഭേദമായ ശുഭ്മാൻ ഗില്ലും തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ ആദ്യ ടെസ്റ്റ് ജയിച്ച ടീമിൽ മാറ്റം വരുത്തേണ്ടി വരുന്നത് അല്പം പ്രതിസന്ധിയും ഉണ്ടാക്കുന്നു. രോഹിതും ഗില്ലും എത്തുമ്പോൾ ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജൂറൽ എന്നിവർക്ക് സ്ഥാനം നഷ്ടമാകും. പേസർ ജോഷ് ഹാസിൽവുഡ് ഉൾപ്പെടെ പരുക്കിൻ്റെ പിടിയിൽ ആയതിനാൽ ഓസീസ് നിരയിലും മാറ്റങ്ങൾ ഉണ്ടാകും.
ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് നിര ഫോമിൽ ആണെന്ന് ആദ്യ ടെസ്റ്റ് തെളിയിച്ചിട്ടുണ്ട്. കോഹ്ലി സെഞ്ച്വറിയുമായി തൻ്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ബൗളിംഗിൽ ബുംറ ആണ് തുറുപ്പ് ചീട്ട്. ഒപ്പം സിറാജ്, ഹർഷിത് റാണ എന്നിവരും മികവ് പുലർത്തുന്നു. ഓസീസിനെ സംബന്ധിച്ച് സ്വന്തം മണ്ണിൽ എല്ലാം പാളുന്നതാണ് പെർത്തിൽ കണ്ടത്.
പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ വിജയം നേടിയ കരുത്ത് ഒരുവശത്ത് ഉള്ളപ്പോൾ മറുവശത്ത് 2020 ലെ അഡ്ലെയ്ഡ് ടെസ്റ്റിൻ്റെ പേടിപ്പെടുത്തുന്ന ഓർമകളും ഇന്ത്യയ്ക്ക് കൂട്ടായി ഉണ്ട്. അന്ന് നടന്ന ഡേ നൈറ്റ് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടല്‍.
ആദ്യ ഇന്നിങ്സിൽ 53 റൺസിൻ്റെ ലീഡ് നേടിയ ശേഷം ആയിരുന്നു ഈ ദയനീയ പ്രകടനം. മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റു. പക്ഷേ പിന്നീട് നടന്ന മൂന്ന് ടെസ്റ്റിൽ രണ്ടും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതുവരെ ഇന്ത്യ നാല് പിങ്ക് ടെസ്റ്റുകള്‍ കളിച്ചു, മൂന്നെണ്ണം ജയിച്ചു അതെല്ലാം നാട്ടിലാണ്. 2019 ലാണ് ഇന്ത്യ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്.