ദില്ലി: പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമം , ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ് (5), ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കുറ്റക്കരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2007 ൽ വിചാരണക്കോടതി ഇവർക്ക് പത്തുവർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്റെ ശിക്ഷ ഒരു വർഷമാക്കി കുറച്ചു. വിചാരണക്കോടതി നേരത്തെ പത്തുവർഷത്തേക്ക് ശിക്ഷിച്ചിരുന്നു. കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
ഹൈക്കോടതി വെറുതെ വിട്ട നാലാം പ്രതി പാറ ശശി ആർ എസ് എസ് ജില്ലാ കാര്യവാഹും ഒന്നാം പ്രതി കടിച്ചേരി അജി താലൂക്ക് കാര്യവാഹും ആയിരുന്നു. ജയരാജനെതിരായ വധശ്രമത്തിന് പിന്നാലെയാണ് കണ്ണൂരിൽ സിപിഎം- ആർ എസ് എസ് ഏറ്റുമുട്ടൽ രൂക്ഷമാവുകയും പലപ്പോഴായി നിരവധി പേര് കൊല്ലപ്പെടുകയും ചെയ്തത്.