ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണുപോയ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച് ക്ഷേത്ര അധികൃതർ. സംഭാവനപ്പെട്ടിയിൽ വീഴുന്നതെന്തും ദൈവത്തിൻ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തൻ്റെ അപേക്ഷ ക്ഷേത്രം നിരസിച്ചത്. തമിഴ്നാട്ടിലെ തിരുപ്പോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് വിനായഗപുരം സ്വദേശിയായ ദിനേശിന്റെ ഐഫോൺ നഷ്ടപ്പെട്ടത്.

കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തി ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് അബദ്ധത്തിൽ ഐഫോൺ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു (Tamil Nadu temple refuses to return iPhone dropped in temple treasury). രണ്ട് മാസത്തിലൊരിക്കൽ മാത്രമേ ഭണ്ഡാരം തുറക്കൂ. ഭണ്ഡാരം തുറക്കുന്ന വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് ദിനേശ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
വെള്ളിയാഴ്ച ക്ഷേത്രം അധികാരികൾ പെട്ടി തുറന്നപ്പോൾ തൻ്റെ ഐഫോൺ വീണ്ടെടുക്കാൻ പോയ ദിനേശിന് ഫോൺ നിഷേധിച്ചു. സിം കാർഡ് എടുക്കാനുള്ള അനുമതി മാത്രം നൽകി പറഞ്ഞു വിടുകയായിരുന്നു.