സുല്‍ത്താന്‍ബത്തേരി : ഭരിക്കാന്‍ അറിയാത്ത, ധിക്കാരം മാത്രമുള്ള മുഖ്യമന്ത്രിക്ക് പണമുണ്ടാക്കാനും കൊള്ളയടിക്കാനും അത് കുടുംബ സ്വത്താക്കാനും മാത്രമാണ് അറിയുകയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി.
ജനങ്ങളുടെ ദുരിതം കാണാന്‍ ദയയുള്ള കണ്ണില്ലാത്ത മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ ഒരു നികൃഷ്ടജീവിയെ പോലെയാണ് കാണുന്നതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണെന്നും അദ്ദേഹം ആരോപിച്ചു. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും ബി ജെ പിയും അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നു എന്ന് പറയാന്‍ പിണറായി വിജയന് നാണമില്ല. പല വിഷയങ്ങളിലും പിണറായി വിജയന് അടക്കം ജയിലില്‍ പോകാതിരുന്നത് ബി ജെ പിയുടെ പിന്തുണ കൊണ്ട് മാത്രമാണ്. ശിവശങ്കരന് ജയിലില്‍ പോയപ്പോള്‍ എന്തുകൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു.
ഇതാണ് അണ്ടര്‍ സ്റ്റാന്‍ഡിങ്, കെ സുരേന്ദ്രന് പണം കടത്തിയപ്പോള്‍ കേസെടുക്കേണ്ട എന്ന് ആദ്യം പറഞ്ഞു. പിന്നീട് എടുത്ത കേസ് പിന്‍വലിച്ചു. ഇത് സി പി എമ്മും ബി ജെ പിയും തമ്മിലുള്ള കടപ്പാടാണ് വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് ജനങ്ങളോട് മാത്രമാണ് കടപ്പാടെന്നും കെ സുധാകരന് എംപി കൂട്ടിച്ചേര്‍ത്തു. വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പ് വിജയം ജനാധിപത്യ മതേതരത്വശക്തിയുടെ വിജയമായിരിക്കുമെന്നും, വയനാട് കോണ്‍ഗ്രസിന്റെ കെട്ടുറപ്പുള്ള ആസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും കൊടുത്ത സീറ്റുമായി വന്നാല്‍ വിജയിച്ചു പോകാമെന്ന് വിചാരിച്ചാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണെന്നും, സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത് എന്നും സുധാകരന് പറഞ്ഞു.
കണ്ണൂര്‍ എ ഡി എം വിഷയത്തില്‍ മനുഷ്യത്വപരമായ ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുഖ്യമന്ത്രി മനുഷ്യനാണോ മരമാണോ ? മുഖ്യമന്ത്രി ഒരു വാക്കുപോലും ഉരിയാടാനോ കുടുംബാംഗങ്ങളോട് ദുഃഖം രേഖപ്പെടുത്താനോ തയ്യാറായിട്ടില്ല. എ ഡി എമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയാല്‍ പലതും പുറത്തുവരും.
പക്ഷേ മനഃപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. ഇതിന് പ്രത്യേക നിര്‍ദ്ദേശം സര്‍ക്കാരില്‍ നിന്നുണ്ടെന്ന് സംശയമുണ്ട്. പാലക്കാട് സരിന് പാര്‍ട്ടി വിട്ടതില്‍ ഒരു പ്രാണി പോയതിന്റെ പോലും നഷ്ടം പാര്‍ട്ടിക്കില്ല, കോണ്‍ഗ്രസ് മലപോലെയുള്ള പ്രസ്ഥാനമാണ് ഇതുപോലെയുള്ള കൊഴിഞ്ഞുപോക്കുകള്‍ ഏല്‍ക്കില്ല.- സുധാകരൻ എം.പി പറഞ്ഞു.
യു ഡി എഫ് നിയോജകമണ്ഡലം ചെയര്മാന് ഡി പി രാജശേഖരന് അധ്യക്ഷനായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എം ലിജു, എം എല്‍ എമാരായ എ പി അനില്‍കുമാര്‍, പി കെ ബഷീര്‍, എന്‍ ഷസുദ്ദീന്‍, ഐ സി ബാലകൃഷ്ണന്, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, അജീര്‍, കെ എല്‍ പൗലോസ്. പി കെ ജയലക്ഷ്മി, മന്‍സൂര്‍ അലിഖാന്, എം സി സെബാസ്റ്റ്യന്‍, വിനോദ്കുമാര്‍, അഡ്വ: കെ ടി ജോര്‍ജ്, എം സി സെബാസ്റ്റ്യന്‍, കെ ഇ വിനയന്, ഉണ്ണി വാകേരി, മാടക്കര അബ്ദുള്ള, എം എ അസൈനാര്‍ സംസാരിച്ചു.