രാജേഷ് തില്ലങ്കേരി
കേരളാ കോണ്‍ഗ്രസ് എം നേതാവും കോട്ടയം മുന്‍ എം പിയുമായ തോമസ് ചാഴികാടന് പാര്‍ട്ടി വിടാനൊരുങ്ങുന്നു.കോട്ടയത്തെ ദയനീയ തോല്‍വിയോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടനാണ് ചാഴികാടന് വ്യക്തമാക്കുന്നത്.കോട്ടയത്തെ തന്റെ തോല്‍വിക്ക് പ്രധാന കാരണം നവകേരള യാത്രയുമായി ബന്ധപ്പെട്ട് പാലായില്‍ നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയാണെന്നാണ് ചാഴികാടന് ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ് എം,സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ ശക്തമായ വിമര്‍ശമായി ഉന്നയിച്ചത്.
രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയത്തെ തോല്‍വിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങിലും ജോസ് കെ മാണി മൗനം പാലിക്കുകയാണെന്നാണ് ചാഴികാടന്റെ ആരോപണം.കോട്ടയത്ത് യു ഡി എഫ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ചാഴിക്കാടന് കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കോട്ടയത്ത് രണ്ടാം അങ്കത്തിനിറങ്ങിയത്.കോട്ടയത്ത് ചാഴികാടന് മാറി ജോസ് കെ മാണി തന്നെ മത്സരിക്കണമെന്നായിരുന്നു സി പി എമ്മിന്റെ നിര്‍ദ്ദേശം.എന്നാല്‍ സിറ്റിംഗ് എം പിയായ തോമസ് ചാഴികാടന് തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണി പ്രഖ്യാപിക്കുകയായിരുന്നു.സി പി എമ്മിന്റെ വോട്ടുകള്‍ സംഘടിതമായി ചോര്‍ന്നുവെന്നും ബി ഡി ജെ എസിലേക്കും യു ഡി എഫിലേക്കും സി പി എം വോട്ടുകള്‍ ചോര്‍ന്നുവെന്നത് കണക്കുകള്‍ നിരത്തിയാണ് ചാഴികാടന് കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി തന്നെ പരസ്യമായി ശാസിച്ചതോടെ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണിയില്‍ ഒരു പരിഗണനയുമില്ലെന്നത് വ്യക്തമായതായി കേരളാ കോണ്‍ഗ്രസ് എമ്മിലെ മറ്റു ചില നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. കോട്ടയത്തെ സി പി എം നേതാക്കള്‍ ചാഴികാടന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നില്ലെന്നാണ് പാര്‍ട്ടി അണികളില്‍ നിന്നും ഉയര്‍ന്ന ആരോപണം.ജില്ലയിലെ പ്രമുഖ സി പി എം നേതാവും മന്ത്രിയുമായ വി എന്‍ വാസവന് കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ എന്തുകൊണ്ടാണ് സജീവമാവാതിരുന്നതെന്ന ചോദ്യവും ചാഴികാടന് ഉന്നയിച്ചിരുന്നു.ജോസ് കെ മാണി ചാഴികാടനെ ബലികൊടുക്കുകയായിരുന്നുവെന്ന ആരോപണം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ശക്തമാണ്.
കോട്ടയത്ത് യു ഡി എഫ് ടിക്കറ്റില്‍ വിജയിച്ച ചാഴികാടന് കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ പിളര്‍പ്പില്‍ ജോസ് കെ മാണിക്കൊപ്പം ഉറച്ച നിന്നതോടെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പേരും ചിഹ്നവും സംബന്ധിച്ച നിയപോരാട്ടത്തില്‍ വിജയിച്ചത്. കേരളാ കോണ്‍ഗ്രസ് എം ഇടത് പാളയത്തിലേക്ക് മാറിയില്ലായിരുന്നുവെങ്കില്‍ രണ്ടാം വട്ടവും കോട്ടയത്ത് വിജയിക്കാനാവുമായിരുന്നുവെന്നാണ് ചാഴികാടന്റെ വാദം.
പൊതുവെ മിതവാദിയായ ചാഴികാടന് വിരുദ്ധതരംഗം കോട്ടയത്ത് ഉണ്ടായിരുന്നില്ല.എന്നാല്‍ ജോസ് കെ മാണിക്കെതിരെയുണ്ടായ ജനവികാരം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിന് അനുകൂലമായി മാറുകയായിരുന്നുവെന്നാണ് ചാഴികാടനെ അനുകൂലിക്കുന്ന ഒരു വിഭാഗത്തിന്റെ ആരോപണം.
നിവവില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്‍മാനാണ് തോമസ് ചാഴികാടന്.എല്‍ ഡി എഫിനെതിരെയും സി പി എമ്മിനെതിരേയും പരസ്യ പ്രതികരണവുമായി ചാഴികാടന് രംഗത്തെത്തിയത് ജോസ് കെ മാണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. കോട്ടയത്തെ കനത്ത തോല്‍വിയോടെ ദുര്‍ബലമായ കേരളാ കോണ്‍ഗ്രസ് എമ്മിന് ചാഴികാടന്റെ നിലപാട് കൂടുതല്‍ തിരിച്ചടിയാവും.ജോസ് കെ മാണിയുടെ മൗനം പാര്‍ട്ടിയില്‍ വലിയ കൊഴിഞ്ഞു പോക്കിന് കാരണമാവുമെന്നാണ് വിലയിരുത്തല്‍.രാജ്യസഭാ സീറ്റിനുവേണ്ടി പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നാണ് അണികളില്‍ വലിയൊരു വിഭാഗത്തിന്റെ ആരോപണം.സി പി എമ്മിന്റെ രാഷ്ട്രീയ വഞ്ചനയില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും മന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ മാണിയും സി പി എമ്മിനെയും മുഖ്യമന്ത്രിയേയും പരസ്യമായി വിമര്‍ശിക്കുന്നത് മുന്നണി ബന്ധത്തെ ബാധിക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്.
വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ചാഴികാടന് സീറ്റ് നല്‍കാമെന്നാണ് ജോസ് കെ മാണിയുടെ നിര്‍ദ്ദേശം.എന്നാല്‍ ഏറ്റുമാനൂരില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ച ചാഴികാടന് ഏത് സീറ്റ് നല്‍കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമാണ്.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി വി എന്‍ വാസവന് വിജയിച്ചത് ഏറ്റുമാനൂരില്‍ നിന്നാണ്.നാലുതവണ ചാഴികാടന് നിയമസഭാംഗമായത് ഏറ്റുമാനൂരില്‍ നിന്നായിരുന്നു.ചാഴികാടന് പിന്നീട് സി പി എം നേതാവായ സുരേഷ് കുറുപ്പിനോട് തോറ്റതോടെയാണ് ഏറ്റുമാനൂര്‍ കേരളാ കോണ്‍ഗ്രസിന് നഷ്ടമാവുന്നത്.
നവകേരള യാത്രയുടെ പാലായിലെ സ്വീകരണ യോഗത്തില്‍ റബറിന്റെ വിലയിടിവ്, റോഡുകളുടെ ശോച്യാവസ്ഥ എന്നിവ ശ്രദ്ധയില്പെടുത്തിയുള്ള ചാഴികാടന്റെ പ്രസംഗത്തിന് മുഖ്യമന്ത്രി അതേ വേദിയില്‍ വച്ച് മറുപടി നല്‍കുകയും ശകാരം ചൊരിയുകയും ചെയ്തത് വലിയ വിവാദമായിരുന്നു.കോട്ടയത്തെ തിരഞ്ഞെടുപ്പുയോഗങ്ങളിലെല്ലാം യു ഡി എഫ് ഉയര്‍ത്തിക്കാട്ടിയതും മുഖ്യതിരഞ്ഞെടുപ്പു വിഷയവും മുഖ്യമന്ത്രി ചാഴികാടനെ ശകാരിച്ച സംഭവമായിരുന്നു.
1991 ല്‍ കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു ചാഴികാടന്റെ ആകസ്മിക വേര്‍പാടിനെ തുടര്‍ന്നാണ് തോമസ് ചാഴികാടന് സജീവ രാഷ്ട്രീയത്തിലെത്തുന്നതും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും.നാല് തവണ എം എല്‍ എയും ഒരു തവണ കോട്ടയത്തു നിന്നും പാര്‍ലമെന്റ് അംഗവുമായ തോമസ് ചാഴികാടന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഏറ്റവും സിനിയറായ നേതാവാണ്.ചാഴികാടന്റെ പാര്‍ട്ടി വിടാനുള്ള തീരുമാനം ജോസ് കെ മാണിയേയും ഞെട്ടിച്ചിരിക്കയാണ്.എന്തു വിലകൊടുത്തും ചാഴികാടനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നും അല്ലാത്ത പക്ഷം കേരളാ കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നുമാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഒരു പോലെ വിലയിരുത്തുന്നത്.