രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഈ ദിവസം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത്തവണ ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി. ഈ ദിവസം ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ഉറക്കമൊഴിക്കലും പ്രധാനമാണ്. ശിവരാത്രി ദിനത്തിൽ പരമശിവനായി സമർപ്പിക്കണമെന്നാണ് ഐതിഹ്യം. ഈ ദിവസം മംഗള രാത്രി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ശിവം എന്നാൽ മംഗളം എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്ന് കൂടി സൂചിപ്പിക്കുന്നു.
ശിവരാത്രി ആഘോഷത്തിന് നാടും ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും കാണാനാകുക. നാമജപവും ഓട്ടുമണികിലുക്കവും ഇന്നത്തെ ദിവസം പ്രധാനമാണ്. ശിവരാത്രി ദിനത്തിൽ ഭക്തര്‍ തങ്ങളുടെ ഇഷ്ടഭഗവാന്‍ പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഇന്ന് വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടത്തപ്പെടുന്നത്. പിതൃ കർമങ്ങൾ ചെയ്യാൻ അനുയോജ്യമായ ദിവസം കൂടിയാണ് ഇന്ന്.