ഭുവനേശ്വർ: ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ അതിക്രമം. 20-കാരിയായ ആദിവാസി യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചെന്ന് പരാതി. ബൊലാൻഗീർ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തിൽ നവംബർ 16-നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പ്രതിയായ ഇതര വിഭാഗക്കാരൻ യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. സംഭവം എതിർത്ത യുവതിയെ പ്രതി മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പ്രതി ഒളിവിലാണെന്ന് എസ്.പി. ഗിലാരി ഋഷികേഷ് ധ്യാൻദിയോ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. പ്രതിയെ പിടികൂടാൻ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായും സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.