കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയത്. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകൻ മുഹമ്മദ് റിസ്വാൻ (14), പാറക്കടവിലെ കുളായിപ്പൊയിൽ മജീദിന്റെ മകൻ മുഹമ്മദ് സിനാൻ (14) എന്നിവരാണ് മരിച്ചത്.
കടവിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു. മുഹമ്മദ് റിസ്വാനെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ മുങ്ങിയെടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം.
രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് മുഹമ്മദ് സിനാന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥികളാണ്.