കോഴിക്കോട് : പ്രതികൂല ഘടകങ്ങൾ മറികടന്ന് വടകരയിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഇല്ല. എൽഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായത്. സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി പറമ്പിൽ. അതേ സമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകര മണ്ഡലത്തിലാണ്.
കടുത്ത നടപടി; ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയേക്കും
കുറ്റ്യാടിയിലെ 141- നമ്പർ ബൂത്തിൽ അവസാനത്തെ ആൾ രാത്രി 11.43നാണ് വോട്ട് ചെയ്തത്. പലയിടത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ തർക്കം ഉണ്ടായി. യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. വാണിമേൽ പഞ്ചായത്തിലെ എൺപത്തിനാലാം നമ്പർ ബൂത്തിൽ പ്രിസൈഡിങ് ഓഫീസറെ യുഡിഎഫ് പ്രവർത്തകർ ബന്ദിയാക്കിയതായി പരാതി ഉയർന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം എത്തിയ നാല് പേരെ വോട്ട് ചെയ്യാൻ അനുവദിക്കാഞ്ഞതിനെ തുടർന്നായിരുന്നു തർക്കം.
നാദാപുരത്ത് വോട്ടർമാരെ നിയന്ത്രിക്കാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. വടകര മണ്ഡലത്തിൽ യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ അധികമായി അനുവദിച്ചതാണ് വോട്ടെടുപ്പ് നീണ്ടു പോകാൻ കാരണമെന്ന് വോട്ടർമാർ പരാതിപ്പെട്ടു.