2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍ നടക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചുകൊണ്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം എന്ന് പരിശോധിക്കുകയാണ് whiteswan tv.
വടക്കന്‍ കേരളത്തിലെ ആദ്യ അഞ്ചു ജില്ലകളാണ് ഇന്നിപ്പോള്‍ പരിശോധിക്കുന്നത്. ഓരോ ജില്ലകളെയും കുറിച്ചുള്ള വിശദമായ വിലയിരുത്തല്‍ വീഡിയോകള്‍ മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെ കൂടുതല്‍ വിശകലനം നടത്തിയാണ് വടക്കന്‍ കേരളത്തിലെ 48 മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്.
ആദ്യം പരിശോധിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലങ്ങളാണ്. നിലവില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ആണ്. മഞ്ചേശ്വരം മണ്ഡലത്തിലേക്ക് വന്നാല്‍ യുഡിഎഫ് മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെച്ചില്ലെങ്കില്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയിലൂടെ ബിജെപിക്ക് മണ്ഡലം അനായാസം പിടിച്ചെടുക്കുവാന്‍ കഴിയുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപി അവിടെ മികച്ച മത്സരം കാഴ്ച വെച്ചിരുന്നു. കാസര്‍ഗോഡ് മണ്ഡലം വരുന്ന തെരഞ്ഞെടുപ്പിലും കാസര്‍ഗോഡ് ലീഗ് തന്നെ നിലനിര്‍ത്തുവാനാണ് സാധ്യത. രാഷ്ട്രീയ നീക്കങ്ങളിലൂടെ ഉദുമ മണ്ഡലം തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മുന്‍ എംഎല്‍എ കൂടി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വൈകാരിക പരിസരം നിലനില്‍ക്കുന്ന ഉദുമയില്‍ രക്തസാക്ഷി കുടുംബത്തിലെ തന്നെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസ് അവിടെ നടത്തുന്നുണ്ട്. ഇടതുമുന്നണിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐ തന്നെ വിജയിക്കുന്നതിനുള്ള സാധ്യതകള്‍ ആണ് ഉള്ളത്. കേരളത്തെ ഒരുകാലത്ത് നയിച്ചിരുന്ന ഇ കെ നയനാര്‍ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് തൃക്കരിപ്പൂര്‍. അവിടെ സിപിഎം തന്നെ വീണ്ടും വിജയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇനി കണ്ണൂരിലേക്ക് വന്നാല്‍ ജില്ലയില്‍ നിലവില്‍ ആകെയുള്ള 11 സീറ്റുകളില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചു നില്‍ക്കുന്നത്. ബാക്കിയുള്ള 9 ഇടങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാരാണ് ഉള്ളത്. പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫ് ആണ് നിലവില്‍ എംഎല്‍എ. ഇരിക്കൂറില്‍ സജീവ് ജോസഫ് ആണ് എംഎല്‍എ. ഇരുവരും കോണ്‍ഗ്രസിന്റെ പ്രതിനിധികളാണ്. കോണ്‍ഗ്രസിന് വേണ്ടി സണ്ണി ജോസഫും സജീവ് ജോസഫും തന്നെ വീണ്ടും മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. രണ്ടിടങ്ങളിലും യുഡിഎഫ് തന്നെ വിജയിക്കുന്നതിനാണ് സാധ്യത. ഇടതുപക്ഷത്തിന് ഒപ്പം നില്ക്കുന്ന മട്ടന്നൂര്‍ മണ്ഡലം അനുശ്രീ എന്ന ചെറുപ്പക്കാരിയായ നേതാവിന്റെ സാന്നിധ്യം കൊണ്ട് കൂടി സിപിഎമ്മിന് തന്നെ അനായാസം ലഭിക്കാവുന്നതേയുള്ളൂ. നിലവില്‍ സ്പീക്കര്‍ ആയ എ എന്‍ ഷംസീറാണ് തലശ്ശേരി എംഎല്‍എ. അടുത്ത തെരഞ്ഞെടുപ്പിലും തലശ്ശേരി സിപിഎം തന്നെ നിലനിര്‍ത്തുവാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യതയുള്ളത്. കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിലെ എംഎല്‍എ. അടുത്ത തവണ സ്വാഭാവികമായും കടന്നപ്പള്ളി രാമചന്ദ്രന് മത്സരത്തില്‍ നിന്നും വിട്ടു നില്ക്കുവാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും. ഇനി ഏറ്റെടുത്താലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ഒരു യുവ നേതാവിനെയാണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ കണ്ണൂരിനെ പിടിച്ചെടുക്കുവാന്‍ അനായാസം കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അടുത്ത തവണ കെ എം ഷാജി അഴീക്കോട് മത്സരിച്ചാല്‍ മണ്ഡലം യുഡിഎഫിന് അനായാസം പിടിച്ചെടുക്കാന്‍ കഴിയും. തളിപ്പറമ്പ് മണ്ഡലത്തിലേക്ക് വന്നാല്‍ നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന് ആണ് എംഎല്‍എ. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നില്ലെങ്കിലും സിപിഎമ്മിന് മികച്ച മത്സരം കാഴ്ചവെക്കുവാനും എളുപ്പത്തില്‍ വിജയിക്കുവാനും കഴിയുന്ന മണ്ഡലമാണ് തളിപ്പറമ്പ്. കല്യാശേരിയും പയ്യന്നൂരും ഉറച്ച സിപിഎം കോട്ടകള്‍ തന്നെയാണ്. ആ കോട്ടകള്‍ ഇളക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്രമേല്‍ എളുപ്പമായ കാര്യമല്ല.
അടുത്തതായി വയനാട് ജില്ല പരിശോധിച്ചാല്‍ ആകെയുള്ള മൂന്നു മണ്ഡലങ്ങളില്‍ രണ്ടിടത്തും യുഡിഎഫിനാണ് നിലവില്‍ എംഎല്‍എമാര്‍ ഉള്ളത്. മാനന്തവാടിയില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചു നില്‍ക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മാനന്തവാടിയിലും യുഡിഎഫ് തന്നെ വിജയിക്കുവാന്‍ ആണ് സാധ്യത. ഇതോടെ മൂന്നിടങ്ങളിലും യുഡിഎഫ് തന്നെ വിജയിച്ചു വരും. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവിടെ യുഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യത. കല്‍പ്പറ്റയില്‍ ടി സിദ്ദീഖിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുവെ ജനങ്ങള്‍ തൃപ്തരാണ്. അതുകൊണ്ടുതന്നെ അവിടെയും ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിന് സാധ്യതയില്ല.
ഇനി മലപ്പുറം ജില്ലയിലേക്ക് വന്നാല്‍ നിലവില്‍ ആകെയുള്ള 16 മണ്ഡലങ്ങളില്‍ നാലിടങ്ങളില്‍ ആണ് ഇടത് എംഎല്‍എമാര്‍ വിജയിച്ചു വന്നിട്ടുള്ളത്. ഇതില്‍ ഒരിടം നിലമ്പൂരാണ്. പി വി അന്‍വര്‍ രാജിവച്ചതുകൊണ്ടുതന്നെ ഈ മണ്ഡലം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം വരുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുവാനുള്ള സാധ്യതകളുമാണ് ഉള്ളത്. പി കെ ബഷീറിലൂടെ തന്നെ ഏറനാട്ടില്‍ ലീഗ് തന്നെ വിജയം നിലനിര്‍ത്തുവാനാണ് സാധ്യത. വണ്ടൂരിലേക്ക് വന്നാല്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള ഏക മണ്ഡലമാണ് വണ്ടൂര്‍. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അവസാനവാക്കായ കെസി വേണുഗോപാലുമായി അടുത്ത ബന്ധമുള്ള നേതാവാണ് എ പി അനില്‍കുമാര്‍. വണ്ടൂരില്‍ അടുത്ത തവണയും അനില്‍കുമാര്‍ തന്നെ മത്സരിക്കുവാനും വിജയിക്കുവാനും ഉള്ള സാധ്യതയാണ് കാണുന്നത്. മഞ്ചേരി മണ്ഡലം പരിശോധിച്ചാല്‍ വിജയം എന്നും യുഡിഎഫിന് ഒപ്പം തന്നെയായിരുന്നു. അതുതന്നെ വരുന്ന തെരഞ്ഞെടുപ്പിലും ആവര്ത്തിക്കുവാനാണ് സാധ്യത. പെരിന്തല്‍മണ്ണ മണ്ഡലത്തിലേക്ക് വന്നാല്‍ മുസ്ലിംലീഗിന്റെ തന്നെ നജീബ് കാന്തപുരം ആണ് നിലവില്‍ എംഎല്‍എ. നിലവില്‍ പെരിന്തല്‍മണ്ണയിലെ ഏവരുടെയും സ്വീകാര്യനായ എംഎല്‍എയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുവാനാണ് സാധ്യത. മങ്കട മണ്ഡലം മലപ്പുറവും മണ്ഡല രൂപീകരണം മുതല്ക്കേ ലീഗിന് ഒപ്പം ഉറച്ചു നില്ക്കുന്ന മണ്ഡലമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരെ ഒട്ടേറെ വിരുദ്ധ സമീപനങ്ങള്‍ നിലനില്‍ക്കുന്ന കാലത്ത് മറ്റൊരു അത്ഭുതത്തിന് സാധ്യതയില്ലാതെ ലീഗ് തന്നെ വിജയിക്കുവാനാണ് സാധ്യതയുള്ളത്. വേങ്ങരയിലേക്ക് വന്നാല്‍ ലീഗിന്റെ ഉറച്ച കോട്ടയാണ് വേങ്ങര. യുഡിഎഫ് രാഷ്ട്രീയത്തിലെ തന്ത്രങ്ങള്‍ മെനയുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് നിലവിലെ എംഎല്‍എ. വരുന്ന തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി തന്നെ വിജയം നേടുവാനാണ് സാധ്യത. വള്ളിക്കുന്നും തിരൂരങ്ങാടിയും തിരൂരും കോട്ടക്കലും യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങളില്‍ എല്ലാം ലീഗ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചു വരുന്നത്. ആരൊക്കെ സ്ഥാനാര്‍ത്ഥികളായാലും ഇല്ലെങ്കിലും ഈ മണ്ഡലങ്ങളില്‍ ലീഗ് തന്നെ വിജയിക്കുവാനാണ് സാധ്യത. താനൂരില്‍ ഇപ്പോള്‍ ഇടതു സ്വതന്ത്രനായ വി അബ്ദുറഹ്മാനാണ് എംഎല്‍എ. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ അത്രകണ്ട് സ്വീകാര്യത ഇല്ലാത്ത മട്ടാണ്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ അവിടെ യുഡിഎഫ് വിജയിക്കുവാന്‍ ആണ് സാധ്യത. തവനൂര്‍ പരിശോധിച്ചാലും ജലീല്‍ അടുത്ത തവണ മത്സരത്തിന് ഇറങ്ങുവാന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പി വി അന്‍വര്‍ കൂടി മത്സരരംഗത്തേക്ക് വന്നാല്‍ മണ്ഡലം അനായാസം കോണ്‍ഗ്രസിന് പിടിച്ചെടുക്കുവാന്‍ കഴിയും. പൊന്നാനിയിലും ഇടതിന് ജയിക്കുവാന്‍ അടുത്ത തവണ അത്ര എളുപ്പമല്ല.
അടുത്തതായി കോഴിക്കോട് ജില്ലയിലേക്ക് വന്നാല്‍ ആകെയുള്ള 13 മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് വിജയിച്ചു നില്‍ക്കുന്നത്. അതാകട്ടെ കൊടുവള്ളിയില്‍ എം കെ മുനീറും വടകരയില്‍ കെ കെ രമയും ആണ്. ഇരു മണ്ഡലങ്ങളിലും അവര്‍ തന്നെ അടുത്ത തവണ വിജയിക്കുവാന്‍ ആണ് സാധ്യത. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഒരൊറ്റ മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് വിജയിച്ചു നില്ക്കുന്നില്ല. മികച്ച മന്ത്രിയെന്ന പേര് മുഹമ്മദ് റിയാസിന് ഇന്നുണ്ട്. തകര്‍ന്ന് തരിപ്പണമായ ടൂറിസം മേഖലയെ തെല്ലോന്നുമല്ല അദ്ദേഹം മുന്നോട്ട് കൊണ്ടുവന്നത്. പൊതുമരാമത്ത് വകുപ്പും ജനകീയമാക്കുവാന്‍ ഒട്ടേറെ ഇടപെടലുകള്‍ റിയാസ് നടത്തിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് ബേപ്പൂര്‍ ഇടത് തന്നെ നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല. ബാലുശ്ശേരിയുടെ കാര്യത്തിലും മറ്റ് അത്ഭുതങ്ങക്കൊന്നും ഇടയില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. യുഡിഎഫിനോ കോണ്‍ഗ്രസിനോ അവിടെ മികച്ച സ്ഥാനാര്‍ഥികള്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. എലത്തൂര്‍ മണ്ഡലം സിപിഎം ഏറ്റെടുക്കുവാനാണ് സാധ്യത. അങ്ങനെ സിപിഎം ഏറ്റെടുത്താല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം മെഹബൂബ് മത്സരിച്ചേക്കും. കൊയിലാണ്ടി അടുത്ത തവണ കോണ്‍ഗ്രസിന്റെ യുവ നേതാവ് കെ എം അഭിജിത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കുവാന്‍ ആണ് യുഡിഎഫ് ശ്രമിക്കുന്നത്. നിലവിലത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊയിലാണ്ടിയില്‍ യുഡിഎഫ് വിജയിക്കുന്നതിനാണ് സാധ്യത.കോഴിക്കോട് നോര്‍ത്ത് മണ്ഡലം കൈക്കലാക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് ഏറെ പണിയെടുക്കേണ്ട ഒരു കാര്യമാണ്. എന്നിരുന്നാലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം കൂടെ പോരുമെന്ന് യുഡിഎഫ് കരുതുന്നു. കോഴിക്കോട് സൗത്ത് നിലവില്‍ ഐ എന്‍ എല്ലിന്റെ കൈവശമുള്ള മണ്ഡലമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ മികച്ചൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സൗത്ത് വിജയം ഉറപ്പിക്കുവാനാണ് ലീഗിന്റെ നീക്കം. കുന്നമംഗലം മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുവാന്‍ യുഡിഎഫിനും പരിമിതികള്‍ ഉണ്ട്. സ്വാഭാവികമായും മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചാല്‍ മണ്ഡലത്തില്‍ റഹീം പരാജയപ്പെടുവാനാണ് സാധ്യത. കുറ്റ്യാടി മണ്ഡലത്തില്‍ വീണ്ടും അബ്ദുള്ളയെ തന്നെ ലീഗ് പരിഗണിക്കുവാന്‍ ആണ് സാധ്യത. അങ്ങനെയാകുമ്പോള്‍ കുറ്റ്യാടിയില്‍ സിപിഎമ്മിന് അടിതെറ്റുമെന്നതില് സംശയമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മികച്ച ലീഡ് യുഡിഎഫിന് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ നാദാപുരത്ത് അനായാസം വിജയിക്കുവാന്‍ കഴിയുമെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. തിരുവമ്പാടിയില്‍ സിപിഎമ്മിന്റെ ലിന്റോ ജോസഫ് ആണ് ഇപ്പോള്‍ എംഎല്‍എ. നിലവില്‍ യുഡിഎഫില്‍ നിന്നും ലീഗാണ് അവിടെ മത്സരിക്കുന്നത്. ലീഗില്‍ നിന്നും കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്താല്‍ വിജയിക്കുവാന്‍ കഴിയുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
അറുത്ത് മുറിച്ച് അഞ്ച് ജില്ലകളെ പരിശോധിക്കുമ്പോള്‍ ആകെയുള്ള 48 മണ്ഡലങ്ങളില്‍ 34 ഇടങ്ങളിലും യുഡിഎഫിനാണ് മൂന്‍തൂക്കം. 13 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും വിജയ സാധ്യതയുണ്ട്. അതേസമയം വടക്കന്‍ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുമെന്ന സൂചനകളും ഈ വിശകലനം നല്‍കുന്നുണ്ട്.