ഈ വർഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപ് നിലമ്പൂരിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതകളുണ്ട്. മുന്നണികളും രാഷ്ട്രീയപാർട്ടികളും എല്ലാം നിലമ്പൂരിലെ പോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു. അതി വാശിയേറിയ പോരാട്ടത്തിനാകും നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവെച്ചതോടെയാണ് മറ്റൊരു നിയമസഭ ഉപതെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുന്നത്. പാലക്കാട്,ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ട് അധികം നാളുകൾ ആകുന്നില്ല. വീണ്ടുമൊരു ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്. അത് രാഷ്ട്രിയ പാർട്ടികൾക്ക് ആണെങ്കിലും പൊതുഖജനാവിനാണെങ്കിലും.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാമെന്ന ഉറച്ച പ്രതീക്ഷ നിലവിൽ യുഡിഎഫിനുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെയും നിലവിലെ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെയും പേരുകളാണ് നിലവിൽ പ്രധാനമായി ഉയർന്നു കേൾക്കുന്നത്. ഇരുവർക്കും ഇടയിൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ പോംവഴിയായി പി വി അൻവർ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുവാനുള്ള സാധ്യതകളുമുണ്ട്. വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യുഡിഎഫ് മുന്നണി സംവിധാനത്തിലും പാളിച്ചകൾ ഏറെയാണ്. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള നിലമ്പൂരിൽ മുസ്ലിം ലീഗിന് പാർട്ടി കരുത്ത് തെളിയിക്കാൻ ഉപതെരഞ്ഞെടുപ്പ് വഴിയൊരുക്കും എന്ന കാര്യത്തിൽ തർക്കമില്ല. പ്രദേശത്ത് ലീഗും കോൺഗ്രസ്സും കാലാകാലങ്ങളായി അത്ര നല്ല ബന്ധത്തിൽ ഒന്നുമല്ല.
ലീഗിന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു വേണം കോൺഗ്രസിന് സ്ഥാനാർത്ഥിയെ തീരുമാനിക്കുവാൻ. ലീഗ് സമസ്തയുമായുള്ള പ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ പരിഹരിച്ചു എങ്കിലും ഉള്ളിലെ നീറ്റൽ പൂർണമായും അണഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഈ ഘട്ടത്തിൽ അതെല്ലാം നിലമ്പൂരിലും പ്രകടമായേക്കും. ഈ വർഷാവസാനത്തെ തദ്ദേശ തിരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. ഈ വെല്ലുവിളികൾക്കെല്ലാം ഇടയിലാണ് നിലമ്പൂർ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നത്. സിപിഎം നേതൃത്വം പാർട്ടി സമ്മേളനത്തിൻ്റെ ശ്രദ്ധയിലാണ്. കോൺഗ്രസിലാകട്ടെ മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരം രൂക്ഷമായിരിക്കുകയാണ്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മൂലം നീട്ടിവച്ച പുനഃസംഘടനയും കോൺഗ്രസിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളും സിറ്റിങ്ങ് സീറ്റുകൾ നിലനിർത്തിയിരുന്നു. പുതുപ്പള്ളിയും തൃക്കാക്കരയും പാലക്കാടും യുഡിഎഫും ചേലക്കര എൽഡിഎഫും.
വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് നില നിർത്തി. അങ്ങനെ വരുമ്പോൾ നിലമ്പൂർ ഏതുവിധേനയും നിലനിർത്തേണ്ട ഉത്തരവാദിത്വം സിപിഎമ്മിന് ഉണ്ട്. പിണറായിസത്തിൻ്റെ അവസാന ആണി നിലമ്പൂരിൽ നിന്നാകുമെന്നാണ് അൻവർ ആവർത്തിച്ചു വ്യക്തമാക്കുന്നത്. നിലമ്പൂരിൽ ഉപതെ രഞ്ഞെടുപ്പ് നടത്താതിരിക്കാൻ ആർഎസ്എസിന്റെ സഹായത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സ്വാധീനിക്കാൻ സംസ്ഥാന സർക്കാർ വലിയ ശ്രമവും ചർച്ചയും നടത്തുന്നുണ്ടെന്നും അൻവർ ആരോപിക്കുന്നുണ്ട്. 2021-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്. എംഎൽഎ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ വിഡി സതീശനോടും രാഹുൽ ഗാന്ധിയോടും ഇതുവരെ ഉന്നയിച്ച സർവാരോപണങ്ങൾക്കും മാപ്പ് പറഞ്ഞുകൊണ്ട് യുഡിഎഫിന്റെ പിന്തുണ ഉറപ്പിച്ചു അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്നും പറഞ്ഞു. പക്ഷെ, അൻവർ സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേര് നിർദേശിച്ചത് കോൺഗ്രസിൽ ഭിന്നതയ്ക്ക് വഴിമരുന്നിടുന്നതാണ്. ജോയിയെ നിർദ്ദേശിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാനുള്ള അൻവറിന്റെ നീക്കം ഉണ്ടെന്നത് വ്യക്തം. കെ സി വേണുഗോപാൽ, എ.പി അനിൽ കുമാർ തുടങ്ങിയ നേതാക്കളുടെ പിന്തുണ വി.എസ് ജോയിക്ക് ഉണ്ടെങ്കിലും ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻഗണന. അങ്ങനെയെങ്കിൽ പി.വി അൻവറിന്റെ പിന്തുണ ഉണ്ടാവില്ലെന്നത് യുഡിഎഫിന് വെല്ലുവിളിയാകും. ഉപതെരഞ്ഞെടുപ്പിൽ തഴയപ്പെട്ടാൽ ആര്യാടൻ ഷൗക്കത്ത് എന്ത് നിലപാട് എടുക്കുമെന്നതും യുഡിഎഫിന് നിർണായകമാണ്. ആര്യാടൻ, ആര്യാടൻ വിരുദ്ധ ചേരി എന്ന് നിലമ്പൂരിൽ രണ്ടുവിഭാഗമുണ്ട്.
നിലവിൽ ഷൗക്കത്തും ജോയിയും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്. രണ്ടിലൊരാളെ നിശ്ചയിച്ചാൽ മറുപക്ഷം അടിയൊഴുക്കിന് ശ്രമിക്കുമോ എന്ന ആശങ്കയും പങ്കുവെക്കുന്നുവരുമുണ്ട്. 2021-ൽ ശക്തമായ മത്സരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി വി പ്രകാശിനെതിരെ 2791 വോട്ട് നേടിയാണ് അൻവർ ജയിച്ചത്. അൻവറിലൂടെ വിജയിച്ച ഫോർമുലയിൽ അൻവറിലൂടെ തന്നെ കൈ പൊള്ളിയ സിപിഎം ഇത്തവണ പാർട്ടി ചിഹ്നത്തിൽ നേരിട്ട് സ്ഥാനാർത്ഥിയെ നിർത്തുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുക. നാട്ടുകാരൻ എന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന്റെ പേരാകും സിപിഎമ്മിൽ ആദ്യ പരിഗണനയായി വരുക. സ്വരാജ് മത്സരിച്ചാൽ വീറും വാശിയും കൂടും. മുതിർന്ന നേതാവിനെ തന്നെ നിർത്തി സീറ്റ് നിലനിർത്തി അൻവറിസം തകർക്കാനാണ് സിപിഎം ശ്രമിക്കുക. അൻവറിന്റെ ക്രഡിറ്റല്ല ഇടതുവോട്ടാണ് തുണച്ചതെന്ന് ബോധ്യപ്പെടുത്താൻ സിപിഎമ്മിന് വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് കൈവിട്ടാൽ സിപിഎമ്മിന് അത് വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലേയും സാധ്യതയ്ക്ക് മങ്ങലേൽപിക്കും. സ്വരാജിന് അപ്പുറത്തേക്ക് ചില മറ്റു പേരുകളും സിപിഎം പരിഗണിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് ഒത്തൊരുമിച്ചു പോയാൽ അനായസം അവർക്കൊപ്പം നിലമ്പൂർ നിലകൊള്ളുവാനാണ് സാധ്യതകൾ ഏറെയും.