ന്യൂ ഡൽഹി: ഈ മാസം നടക്കാനിരിക്കുന്ന ഐ പി എൽ താരലേലത്തിൽ പങ്കെടുക്കാൻ ചില അപ്രതീക്ഷിത താരങ്ങളും. ഇതുവരെ ലേലത്തിൽ പങ്കെടുക്കാൻ 1165 ഇന്ത്യൻ താരങ്ങളും 409 വിദേശ താരങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ ആകെ 204 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക.
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ മുൻ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സന്റെ സാന്നിധ്യമാണ് ഇത്തവണത്തെ ഐ പി എല്ലിനെ സവിശേഷമാക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരിക്കുന്ന കാലത്ത് പോലും ഐ പി എൽ കളിച്ചിട്ടില്ലാത്ത താരമാണ് ആൻഡേഴ്സൺ. 2011 ലും 2012 ലും താരലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒരു ഫ്രാൻഞ്ചൈസികളും അദ്ദേഹത്തെ വാങ്ങിയില്ല. തന്റെ 42-ാം വയസ്സിൽ ലേലത്തിനെത്തുന്ന താരത്തെ ആരെങ്കിലും വാങ്ങുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്
24 , 25 തീയതികളിൽ സൗദിയിൽ വെച്ചാണ് ലേലം നടക്കുക.
ദക്ഷിണാഫ്രിക്ക- 91, ഓസ്ട്രേലിയ – 76, ഇംഗ്ലണ്ട് – 52, ന്യൂസീലൻഡ് – 39, വെസ്റ്റിൻഡീസ് – 33, ശ്രീലങ്ക – 29, അഫ്ഗാനിസ്ഥാൻ – 29, ബംഗ്ലദേശ് – 13, നെതർലൻഡ്സ് – 12 എന്നിവർ ലേലത്തിൽ രജിസ്റ്റർ ചെയ്തു. ഇറ്റലി, യു എ ഇ എന്നിവിടങ്ങളിൽ നിന്നും താരങ്ങൾ ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്