നീതിക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഒരു കാലത്ത് കേരളം കേട്ട രണ്ടക്ഷരമായിരുന്നു വി എസ്. അത്രയേറെ വീര്യമുള്ളൊരു പോരാളിയെ മലയാളികള്‍ കണ്ടിട്ടേയില്ല. ആ പോരാളിയുടെ ജന്മദിനമാണിന്ന്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്സിസ്റ്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഒരാള്‍ മാത്രം. അദ്ദേഹത്തിന്റെ പേരാണ് വി എസ് അച്ചുതാനന്ദന്.
കാലം അതിന്റെ നീണ്ട കൈകളാല്‍ വാരിപ്പിടിക്കുമ്പോഴും ബാക്കിനില്ക്കുന്ന പോരാട്ടത്തിന്റെ ശൂന്യമായിപ്പോയ മുന്നണിയിലേക്ക് തങ്ങളെ ആയാസത്തോടെ കയറ്റിനിര്‍ത്തും. ആകാശവും ഭൂമിയും അസമത്വത്തിന്റെയും അനീതിയുടെയും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം സമരമാണെന്ന് പഠിപ്പിച്ച, സമരമാണ് ജീവിതമെന്ന് ഓരോ നിമിഷവും പറഞ്ഞുകൊണ്ടേയിരുന്ന നേതാവാണ് സഖാവ് വി. എസ്. അച്ചുതാനന്ദന്.
താന്‍ ജീവിക്കുന്ന കാലത്തില്‍ കമ്മ്യൂണിസ്റ്റാവുക എന്നതും ഒരു സമരത്തില്‍ ഭാഗമാണെന്ന് ബോധ്യപ്പെടുത്തിയ സമരനായകനാണ് വി എസ്. അനീതിയുടെ ആക്രോശങ്ങളും ഒറ്റിന്റെ മൗനങ്ങളും അവരില്‍ കലാപത്തിന്റെ കാറ്റുകള്‍ നിറയ്ക്കുകയും ചെയ്തപ്പോഴും വി എസ് അതിശക്തനായി നിലകൊണ്ടു.
ഒരേ സമയം രാഷ്ട്രീയ എതിരാളികളോടും, സ്വന്തം പാര്‍ട്ടിയിലെ എതിരാളികളോടും ഒരേ വീര്യത്തോടെ പോരാടിയാണ് വി എസ് നെഞ്ചുവിരിച്ച് പൊതുസമൂഹത്തില്‍ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എന്നും പ്രതീക്ഷയായിരുന്നു വി എസ് എന്ന ഈ ്അപൂര്വ്വ പോരാളി.
ആഗോള കമ്മ്യൂണിസ്റ്റ് മുന്നേറ്റവും സോഷ്യലിസ്റ്റ് രാജ്യങ്ങളും പെട്ടന്നൊന്നും വീണ്ടെടുപ്പ് സാധ്യമല്ലാത്ത വിധത്തില്‍ അതിന്റെ ആന്തരികസംഘര്‍ഷങ്ങളുടെ ചരിത്രഭാരത്താല്‍ തകര്‍ന്നുവീണൊരു കാലത്താണ് വി.എസ് കേരളസമൂഹത്തില്‍ താന്‍ ജീവിക്കുന്ന കാലത്ത് എങ്ങനെയാണ് കമ്മ്യൂണിസ്റ്റാവുക എന്നതിന് ആ ചരിത്രകാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് പുതിയ
പ്രയോഗപാഠങ്ങളുണ്ടാക്കിയത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ രൂപം കൊണ്ട നാളുകളിലെ അതിഭീകരമായ ഭരണകൂട, ഭൂപ്രഭു വേട്ടകളെ നേരിട്ട അസാധ്യമായ കരുത്തിന്റെ ഉള്ച്ചൂടത്രയും ഈ പുതുകാല പോരാട്ടത്തിലേക്ക് വി എസ് പകര്‍ന്നു.
സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷമുള്ള കാലത്ത് ലോകത്ത് ഉയര്‍ന്നുവന്ന പുതിയ പ്രതിസന്ധികളോട് തന്റെ രാഷ്ട്രീയജീവിതത്തിന്റെ ദേശപരിസരത്തുനിന്നുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റിന് സാധ്യമാകുന്ന ഏറ്റവും സൂക്ഷ്മമായ ഇടപെടലുകള്‍ നടത്താനും ആ സമരത്തില്‍ കേരളീയ സമൂഹത്തെ വലിയ തോതില്‍ അതിന്റെ സമര,സംവാദ ഭൂമികയിലേക്ക് വലിച്ചിടാനും കഴിഞ്ഞു എന്നതാണ് വി.എസ് ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാറ്റ്.
പാരിസ്ഥിതിക വിഷയങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ അഴിമതി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ വി.എസ് നടത്തിയ സമരങ്ങള്‍ അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്റെ വ്യവഹാരങ്ങളിലേക്ക് നിറഞ്ഞുനിന്നു.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് തരത്തിലുള്ള അച്ചടക്കങ്ങള്‍ അതിന്റെ സാമ്പ്രദായിക മട്ടില്‍ ആവശ്യപ്പെടുന്നു; പ്രത്യയശാസ്ത്ര അച്ചടക്കവും സംഘടന അച്ചടക്കവും. അത് വളരെ ജൈവികമായ, നിരന്തരമായി സമൂഹത്തില്‍ ഇടപെടുന, രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വ്യവഹാര മണ്ഡലങ്ങളിലെ ഓരോ ചലനത്തേയും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര വിശകലനോപാധികളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും മൂര്‍ത്തമായ പ്രതികരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ ജീവിതമാണ്.
ആ രാഷ്ട്രീയം കൈമോശം വരുമ്പോള്‍ സംഘടനാ അച്ചടക്കം നിലനില്ക്കുകയും അത് ജനാധിപത്യവിരുദ്ധതയിലേക്ക് അതിവേഗം പതിക്കുകയും ചെയ്യും. അത്തരമൊരു ഘട്ടത്തില്‍ ഗൃഹാതുരത്വമല്ല കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം, അത് കമ്മ്യൂണിസ്റ്റ് പോരാട്ടത്തെ സംഘടനയുടെ ജീര്ണ്ണഘടനയ്ക്ക് പുറത്തും നടത്തുക എന്നതാണ്.
അത്തരമൊരു ശ്രമത്തില്‍ പ്രായോഗികമായ നിരവധി പരിമിതികളേയും വെല്ലുവിളികളേയും തന്റെ കലാപഭരിതമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ സകല ദാര്‍ഢ്യവും ശേഷിയും പുറത്തെടുത്തുകൊണ്ട് നേരിട്ട വി.എസിനെ കേരളം ആദരവോടെയും കോരിത്തരിപ്പോടെയും അമ്പരപ്പോടെയും നോക്കിനിന്നത് തങ്ങള്‍ക്ക് ജീവിക്കാനുള്ളൊരു കാലത്ത് നടക്കുന്ന ഒരു അപൂര്വ്വതയാണിത് എന്ന സങ്കടത്തോടെയുമായിരുന്നു.
എന്നിട്ടും വി.എസ് ഉയര്‍ത്തിയ രാഷ്ട്രീയസമരപ്രശ്നങ്ങളില് കേരളം തങ്ങളുടെ ദുര്‍ബ്ബല രാഷ്ട്രീയശരീരങ്ങളെ വേച്ചും വലിച്ചുമാണെങ്കിലും മുറിഞ്ഞും തെറിച്ചുമാണെങ്കിലും ഒപ്പം നിന്നു. വി.എസിനൊപ്പം നില്ക്കുക എന്നത് തങ്ങളുടെ നീതുബോധത്തിന്റെ അടയാളമായി മനുഷ്യര്‍ അവരുടെ ഉപബോധത്തില്‍ കൊണ്ടുനടന്നു. തങ്ങള്‍ നടത്താത്ത സമരങ്ങള്‍ക്കായി അവര്‍ വഴിയുടെ ഇരുവശങ്ങളിലും നിന്നുകൊണ്ട് അഭിവാദ്യങ്ങള്‍ നേര്‍ന്നു.
കേരളമാകെ കമ്മ്യുണിസ്റ്റ് രാഷ്ട്രീയത്തിന്റെ കനല്‍ക്കാറ്റു വീശിയടിക്കാന്‍ തുടങ്ങിയൊരു കാലത്തു നിന്നും തുടങ്ങിയൊരു പോരാട്ട ജീവിതം അനിവാര്യമായൊരു വിശ്രാന്തിയിലേക്ക് പോകുമ്പോള്‍ തങ്ങള്‍ ജീവിക്കാന്‍ പോകുന്ന കാലത്തിന്റെ അശ്ലീലമായ നാടകങ്ങളുടെ സ്വാഭാവികതയിലേക്ക് അവര്‍ തയ്യാറെടുക്കുകകൂടി ചെയ്തു.
വി.എസ്. അച്ചുതാനന്ദന്റെ ജീവിതം ശതാബ്ദിയിലെത്തുമ്പോള്‍ നൂറു വയസുവരെ ജീവിച്ചു എന്നതല്ല, ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ശ്രമിച്ചു എന്നതാണതിനെ ഒരു ശോണനക്ഷത്രം പോലെ പ്രകാശിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ കടുത്ത സംഘടന വ്യതിയാനങ്ങളില്‍ ഒരു കാലത്ത് വി.എസ് അതിന്റെ വിഭാഗീയശ്രമങ്ങളില് പാര്‍ട്ടി സംഘടനയെ കേവലമായ സംഘടനാരൂപം എന്ന മട്ടിലുള്ള അധികാരത്തര്‍ക്കങ്ങളില്‍ ആണ്ടിറങ്ങുന്നതില് നിഷേധാത്മകമായ പങ്കു വഹിച്ചിട്ടുണ്ട്.
എന്നാല്‍ അതില്‍ നിന്നും അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരന് സാധ്യമായ ആര്‍ജ്ജവത്തോടെ പുറത്തുപോന്നു. പാര്‍ട്ടി അതിനെ മറികടന്നത് വിഭാഗീയതയിലെ വിജയികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കേണ്ട എല്ലാത്തരം ജനാധിപത്യ വര്‍ഗ്ഗരാഷ്ട്രീയ സംവാദങ്ങളേയും സംഘര്‍ഷങ്ങളെയും അവസാനിപ്പിച്ചുകൊണ്ടുകൂടിയായിരുന്നു.
വിധേയന്മാരുടെയും തൊമ്മികളുടെയും വാഴ്ത്തുപാട്ടുകാരുടെയും അധികാര സൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളുടെയും സമ്പൂര്‍ണ്ണ സമ്മേളനമായി അത് മാറിയതോടെ തികഞ്ഞ സ്വാഭാവികതയുടെ ശാന്തമായ ആകാശം തെളിഞ്ഞു.
എല്ലാം അവസാനിച്ചെന്ന് കരുതുമ്പോള്‍ ഒരു പോരാട്ടം തുടങ്ങുന്നു എന്ന് ചരിത്രം അതിന്റെ മുറിവടുക്കളാല് നിറഞ്ഞ സമരശരീരം കാട്ടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഖാവ് വി.എസ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെയാണ്. നൂറ്റാണ്ടു നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിന് ജന്മദിനാഭിവാദ്യങ്ങള്‍.