കണ്ണൂര്‍: വളക്കൈയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു. വീട്ടിലെ പൊതുദര്‍ശന ചടങ്ങിന് ശേഷം കുറുമാത്തൂര്‍ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ്യതദേഹം ചിന്മയ സ്കൂളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചു. അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അതേസമയം അപകടത്തില്‍ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത്. അപകടത്തില്‍ ഡ്രൈവറെ പ്രതിച്ചേര്‍ത്ത് ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചേര്‍ത്താണ് കേസ്.