കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ കവര്‍ച്ച നടന്നതിന് ശേഷം തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ എത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
തലേദിവസം വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതേ രീതിയില്‍ തന്നെ കടക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി യിൽ നിന്ന് ലഭ്യമായി. മോഷ്ടാക്കള്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു.
കവര്‍ച്ചയ്ക്ക് പിന്നില്‍ വീട്ടുകാരെ നേരിട്ടറിയുന്നവര്‍ തന്നെയെന്ന നിഗമനത്തിലാണ് പോലീസ്. അഷ്റഫിന്റെ വീടിന് ചുറ്റുമുള്ള മതിലില്‍നിന്ന് അദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് കടക്കാന്‍ കവര്‍ച്ചക്കാര്‍ തകര്‍ത്ത ജനലിനരികില്‍നിന്ന് ഏതാനും വിരലടയാളങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വീട്ടിനുള്ളില്‍ കവര്‍ച്ചക്കാര്‍ മറന്നുവെച്ചതെന്ന് കരുതുന്ന ഉളിയില്‍നിന്നും ചില വിരലടയാളങ്ങള്‍ കിട്ടിയിട്ടുണ്ട്.
സ്വർണവില : ഇന്നലെ 960 രൂപ കുറഞ്ഞു, ഇന്ന് 200 രൂപ കൂടി
ഇക്കഴിഞ്ഞ ദിവസം അരി വ്യാപാരിയായ അഷ്റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയി. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കുന്നത്.
കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള ഫോൺ കോളുകളും പരിശോധിക്കുകയാണ്.