രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കും. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്യും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകള്‍ സജ്ജമാകുന്നതെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ പറഞ്ഞു. ഡൽഹി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചന.
ചെയര്‍ കാര്‍ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെയാണ് 16 സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരതിന്റെ വരവ്. ഡൽഹിയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറില്‍ എത്തുകയും ചെയ്യുന്ന നിലയിലുളള സര്‍വീസാണ് പരിഗണനയിലെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.
എസി ത്രീ ടയര്‍ , ടൂ ടയര്‍ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേര്‍ക്ക് സ്ലീപ്പര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.