പാലക്കാട് കെപിഎം ഹോട്ടലില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ നടന്ന റെയ്ഡിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി എംബി രാജേഷും അളിയനുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. എംബി രാജേഷാണ് പൊലീസിനെ വിളിച്ചത്. കേരള പൊലീസിന്റേത് നാണം കെട്ട നടപടിയാണ്. വിഷയത്തെ നിയമപരമായി നേരിടുമെന്നും വനിതാ നേതാക്കളെ അപമാനിച്ച എംബി രാജേഷിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സതീശന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വെച്ച് പിടിപ്പിച്ചല്ലല്ലോ എന്ന് സതീശന് ചോദിച്ചു. ബിജെപിയെ രക്ഷിക്കാനാണ് പാതിരാ നടകം നടത്തിയത്. കെ സുരേന്ദ്രന്റെ ഐശ്വര്യമാണ് പിണറായി വിജയന്. ട്രോളി ബാഗുമായി വന്ന ഫെനി നൈനാന് ഒരു കേസിലും പ്രതിയല്ല. കേസില്‍ ഒരു തെളിവുമില്ലെന്നാണ് കോടതി പറഞ്ഞത്. ഷുക്കൂര്‍ വധക്കേസിലെ പ്രതി ടിവി രാജേഷ് അവിടെ വന്നതില്‍ കുഴപ്പമില്ലേയെന്നും സതീശന് ചോദിച്ചു.
പാലക്കാട് വരുന്നതില്‍ നിന്ന് തന്നെ തടയാന്‍ പിണറായിക്ക് കഴിയില്ല, പിന്നെയല്ലെ ജില്ലാ സെക്രട്ടറിയെന്ന് സതീശന് പറഞ്ഞു. എംബി രാജേഷിനെ വെല്ലുവിളിച്ചാല്‍ സതീശനെ ഔദ്യോഗിക കാറില്‍ പാലക്കാട് വന്നിറങ്ങാന്‍ അനുവദിക്കില്ലെന്ന സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.