ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്.
”ആശമാരുടെ പൊതുവായ പ്രശ്നങ്ങള്‍ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകള്‍ അദ്ദേഹത്തെ അറിയിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും ആശമാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അതു പരിശോധിക്കുന്നുണ്ടെന്നുമാണ് മന്ത്രി അറിയിച്ചത്.
ആശമാരുടെ പ്രശ്നം, 2023-24ലെ ഫണ്ട് കുടിശ്ശിക ലഭ്യമാക്കല്‍, കാസര്‍കോടും വയനാടും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓണ്‍ലൈന്‍ ഡ്രഗ്സ് വില്പന എന്നിങ്ങനെ നാല് വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിന് എയിംസിന്റെ കാര്യവും മന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. അനുകൂല നിലപാടാണ് കേന്ദ്ര മന്ത്രിയും സ്വീകരിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് പറയുന്നത്. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്ന കാര്യമാണ് മന്ത്രി പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നാണ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു പ്രതികരിച്ചത്.
സംസ്ഥാന സര്‍ക്കാരാണ് അതു സംബന്ധച്ച ചര്‍ച്ചകള്‍ നടത്തേണ്ടത്. അതില്‍ കൃത്യമായ നിലപാട് പറയാതെ ഇപ്പോഴും 60, 40 അനുപാതത്തിന്റെ കാര്യം കടിച്ചുതൂങ്ങികിടക്കുകയാണെന്നും. ഈ നിലപാടുകള്‍ പ്രശ്നം പരിഹരിക്കാനുള്ള അഭിപ്രായമല്ലെന്നും
ആശമാരുടെ സമരം നിമിത്തം കേരളത്തിലെ ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയെ കാണാന്‍ സാധിച്ചത് അഭിമാനകരമാണെന്നും ബിന്ദു പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കല്‍, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ലെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു.