മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ചയാണ് തലശേരി സെഷന്‍സ് കോടതി വിധി പറയുക. പ്രതിഭാഗവും പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും ശക്തമായ വാദങ്ങളാണ് ഉയര്‍ത്തിയത്.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ദിവ്യയുടെ അഭിഭാഷകന് ഉന്നയിച്ച പ്രധാന വാദം. ഇത് സ്ഥിരീകരിക്കാന്‍ നിരവധി വാദമുഖങ്ങളും മുന്നോട്ട് വെച്ചു. ഇതില്‍ പ്രധാനം പ്രശാന്തന്റെ മൊഴിയും ഒപ്പം കളക്ടറുടെ മൊഴിയുമാണ്. എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്നാണ് പ്രശാന്തന്റെ മൊഴി. തെറ്റ് പറ്റിയെന്ന് എഡിഎം കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന് കളക്ടറുടെ മൊഴി ചൂണ്ടിക്കാട്ടി വാദിച്ചു. എഡിഎമ്മും പ്രശാന്തനും തമ്മിലുള്ള ഫോണ്‍വിളി രേഖകളും ദിവ്യയുടെ അഭിഭാഷകന് ഹാജരാക്കി.
പ്രശാന്തനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവും ദിവ്യ കോടതിയില്‍ പിടിവള്ളിയാക്കി. കൈക്കൂലി വാങ്ങിയതിന് സസ്പെന്‍ഡ് ചെയ്തു എന്നാണ് ഉത്തരവില്‍ പറയുന്നത്. യാത്രയയപ്പ് യോഗത്തില്‍ താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന കുറ്റസമ്മതവും ദിവ്യ നടത്തി. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന് എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തെ പൂര്‍ണമായും തള്ളി. കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രശാന്തനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവിനെ എഡിഎം കൈക്കൂലി വാങ്ങിയതായി വ്യാഖ്യാനിക്കാനാകില്ല.
കളക്ടറുടെ മൊഴി ദിവ്യയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചു. കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. കുറ്റസമ്മതം കളക്ടര്‍ മാധ്യമങ്ങളോട് നിഷേധിച്ചിട്ടുണ്ട്. കളക്ടര്‍ ലീവ് നല്കാറില്ലായിരുന്നു. അടുപ്പമില്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. കളക്ടര്‍ കുടുംബത്തിന് നല്കിയ കത്ത് അഭിഭാഷകന് കോടതിയില്‍ വായിച്ചു.