കൊച്ചി: പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന സാഹിത്യകാരന് എം മുകുന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സര്‍ക്കാരിനൊപ്പം മാത്രം നില്‍ക്കാനാണെങ്കില്‍ പിന്നെ എഴുത്തുകാരന് എന്തിനാണെന്ന് വി ടി ബല്‍റാം പരിഹസിച്ചു. ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. ‘സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ ഇനിയും സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും കൂടെ നില്ക്കാന് ശ്രമിക്കും. അധികാരത്തിന്റെ കൂടെ നില്‍ക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു എം മുകുന്ദന്റെ വാക്കുകള്‍.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആഹാ.. എന്തു നല്ല ആർഗ്യുമെന്റ് !
എഴുത്തുകാർ എന്തുവിധേനയും സർക്കാരിനൊപ്പം നിൽക്കണമത്രേ! “വലിയൊരു കേരളത്തെ നിർമ്മിക്കാൻ” അതാണത്രേ മാർഗ്ഗം. ഏതെങ്കിലും രാഷ്ട്രീയക്കാരൻ എഴുത്തുകാരോട് അങ്ങോട്ട് പറഞ്ഞതല്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള പൊതുചടങ്ങിൽ വച്ച് ഒരു എഴുത്തുകാരൻ സ്വമേധയാ പറഞ്ഞതാണ്.
പ്രമുഖ ‘കമ്മ്യൂണിസ്റ്റ് എഴുത്തുകാര’ന്റെ അഭിപ്രായമായതിനാൽ ഇതിനെ ഏറ്റെടുക്കാനും ശരിവക്കാനും നൂറുകണക്കിന് സഹ കമ്മ്യൂണിസ്റ്റ് ന്യായീകരണത്തൊഴിലാളികൾ ഉണ്ടാവും. കാരണം, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ എവിടെയും എക്കാലത്തും അങ്ങനെത്തന്നെയാണല്ലോ. സ്തുതിപാഠകർക്കും പ്രൊപ്പഗാണ്ടിസ്റ്റുകൾക്കും മാത്രമേ നിലനിൽപ്പുള്ളൂ. അല്ലാത്തവരുടെ അനുഭവമെന്തായിരിക്കുമെന്നതിന് അലക്സാണ്ടർ സോൾഷെനിത്സിൻ അടക്കമുള്ള നിരവധി ഉദാഹരണങ്ങൾ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയുമൊക്കെ ചരിത്രത്തിലുണ്ട്.
നേരെ തിരിച്ച് ഇത് ഏതെങ്കിലും കേന്ദ്ര സർക്കാർ പരിപാടിയിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വച്ച് ദേശീയ തലത്തിലെ ഏതെങ്കിലും എഴുത്തുകാരനോ സിനിമാ പ്രവർത്തകനോ ഒക്കെ പറഞ്ഞതായി ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇവിടത്തെ ഇതേ ന്യായീകരണത്തൊഴിലാളികൾ കൊമ്പും കോലുമായി ഇറങ്ങിയേനെ. ഭരണകൂടത്തിന് കീഴടങ്ങുന്ന സാംസ്കാരിക ലോകത്തേക്കുറിച്ച് ഒരുപാട് പ്രബന്ധങ്ങൾ ഇതിനോടകം പുറത്തുവന്നേനെ.
കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും സർക്കാരിനൊപ്പം മാത്രം നിൽക്കാനാണെങ്കിൽ പിന്നെ എഴുത്തുകാരൻ എന്തിനാണ്, പിആർഡിക്കാരൻ മാത്രം പോരേ? “വലിയൊരു കേരള”മുണ്ടാക്കലും “5 ബില്യൺ ഇക്കോണമി”യുണ്ടാക്കലുമൊക്കെ എഴുത്തുകാരേക്കാൾ ഭംഗിയായി തള്ളിമറിക്കാൻ പിആറുകാർ തന്നെയാണ് ബെസ്റ്റ്. ഇതേ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ അഭിപ്രായം പറഞ്ഞ എം.ടി. വാസുദേവൻ നായരെ കേരളം ശരിക്കും മിസ് ചെയ്യുന്നു.