വഖഫ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാര്‍-ബിജെപി ധാരണയാണ് വഖഫ് നോട്ടീസിന് പിന്നിലെന്നും രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ചൂട്ട് പിടിക്കുകയാണ് സിപിഐഎമ്മെന്നും സതീശന് ആരോപിച്ചു.
മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാതെ നീട്ടി വച്ച് സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുനമ്പം വിഷയം നിലനില്‍ക്കെയാണ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുത്തത്. നോട്ടീസ് കൊടുക്കുന്നതിന് പിന്നാലെ എല്ലാ വീടുകളും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് ധാരണപ്പുറത്താണ് സര്‍ക്കാരും ബിജെപിയും പോകുന്നത്. നോട്ടീസ് കൊടുക്കുക, ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുക, വര്‍ഗീയത ആളിക്കത്തിക്കുക. ഇതാണ് നടക്കുന്നതെന്ന് സതീശന് വിമര്‍ശിച്ചു.
സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് സംഘപരിവാറിന് സ്പേസ് ഉണ്ടാക്കാന്‍ മനപ്പൂര്‍വം നോട്ടീസ് കൊടുക്കുകയാണ്. ഇതിലൂടെ വഖഫിനെതിരെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് അവസരമൊരുക്കുകയാണ്. രണ്ട് മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും സതീശന് കുറ്റപ്പെടുത്തി.