കൽപ്പറ്റ: വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ കടുത്ത വാക്ക് പോര്. ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും എംഎൽഎ ഐ സി ബാലകൃഷ്ണനും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വയനാടിന്റെ ചുമതലയുള്ള നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുത്തിരുന്നു.
എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിജയന്റെ കുടുംബം ഉന്നയിച്ച പരാതികൾ ന്യായമാണെന്ന് നാലംഗ സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന് സഹായവും സംരക്ഷണവും നൽകാൻ പാർട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അഴിമതി ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു കോടി 76 ലക്ഷം രൂപ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി വിജയന് ഉണ്ടായിരുന്നുവെന്ന കണക്ക് കുടുംബം കോണ്ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അതെസമയം വ്യക്തികൾക്ക് നേരിട്ടും പണം നൽകാനുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കുടുംബത്തെ സന്ദർശിച്ചപ്പോൾ, ഈ ബാധ്യതകൾ ഏറ്റെടുക്കുമെന്നും പാർട്ടി പിന്തുണ നൽകുമെന്നും ഉറപ്പു നൽകിയതായി കുടുംബം വ്യക്തമാക്കി.