നിലമ്പൂർ: വയനാട് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടവരിൽ ഭൂരിഭാഗം മനുഷ്യർക്കും ഇരുട്ടും വെള്ളവും പേടിപ്പെടുത്തുന്നതാണെന്ന് മനശാസ്ത്ര സംഘം. പ്രമുഖ മാന്ത്രികൻ പ്രെഫ. ആർ.കെ. മലയത്ത്, അക്കാദമിക്ക് ഡയറക്ടർ അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഒരാഴ്ച മാനസിക പിന്തുണയുമായി ദുരന്തമേഖലയിൽ ഉണ്ടായിരുന്നു.
ദുരന്തശേഷം കഠിനമായ മാനസിക വെല്ലുവിളി ഇവർ നേരിടുന്നുണ്ടെന്ന് സംഘം പറഞ്ഞു. നിലമ്പൂരിലെ അക്കാദമി ഫോർ മൈൻസ് ഡിസൈനിങ്ങും കൊച്ചിയിലെ ഷിജു ദാമോദർ ഡയറക്ടറായ അയാഷ് എന്ന ഹിപ്നോട്ടീസ് പഠന കേന്ദ്രവുമാണ് സൗജന്യ കൗൺസലിങ്ങിനായി ദുരന്തഭൂമികയിൽ എത്തിയെത്. മുസ്ലിം ലീഗിന്റെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായിരുന്നിത്.
സർക്കാറിന്റെ അനുമതിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധസംഘം ദുരന്തഭൂമികയിൽ ദുരന്തബാധിതർക്ക് മാനസിക പിന്തുണയുമായി നിന്നത്. മനശാസ്ത്ര സമീപനത്തിലൂടെ ഇവരുടെ ആശങ്കകൾ ഒരുപരിധിവരെ അകറ്റാൻ സാധിച്ചതായി സംഘം പറഞ്ഞു. തുടർന്നും ഇവർക്ക് മാനസിക പിന്തുണ നൽകേണ്ടതുണ്ട്.
സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ആണ് ദുരന്തബാധിതർക്ക് നൽകിയത്. നിലവില്‍ 120ഓളം സാമൂഹിക പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ വയനാട്ടില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാൽ സൈക്യാട്രി മെഡിസിന് ഒഴിവാക്കി മനശാസ്ത്ര സമീപനത്തിലൂടെ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അക്കാദമി അംഗങ്ങള്‍ പറഞ്ഞു.
റിപ്പോർട്ട് തയാറാക്കി വിദഗ്ധ സംഘം മുസ്ലിം ലീഗ് നിലമ്പൂർ ഭാരവാഹികൾക്ക് കൈമാറി. റിപ്പോർട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയതായി നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ പറഞ്ഞു. ആവശ്യമായ നിർദേശങ്ങളോട് കൂടി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.