തിരുവനന്തപുരം: വയനാട് ദുരന്തസഹായത്തിലെ കാലതാമസത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. കേന്ദ്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രനിലപാട് ഖേദകരമാണ്. കേരളം കണക്ക് നല്‍കിയില്ലെന്ന വാദം തെറ്റാണ്. 583 പേജുള്ള വിശദ റിപ്പോര്‍ട്ട് സംസ്ഥാനം സമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനേയും ജനങ്ങളേയും തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയിട്ടില്ല. കേരളം നിവേദനം നല്‍കിയിട്ട് മൂന്ന് മാസമായി. ഓഗസ്റ്റ് 17 ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ചോദിച്ചു. പ്രധാനമന്ത്രി വന്നപ്പോള്‍ തന്നെ കേരളം ആവശ്യം ഉന്നയിച്ചിരുന്നു. മോദി വയനാട്ടില്‍ വന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു.
ആദ്യ മെമ്മൊറാണ്ടത്തിന് പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പിഡിഎന്‍എ തയ്യാറാക്കാന്‍ വൈകിയെന്ന കേന്ദ്രവാദം തെറ്റാണ്. പിഡിഎന്‍എ തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസം വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാലയളവില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്കി, കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും നല്‍കിയില്ല. മറ്റ് സംസ്ഥാനങ്ങളെ പരിഗണിച്ചപ്പോള്‍ കേരളത്തെ അവഗണിച്ചു.
എസ്ഡിആര്എഫില് ഫണ്ട് ഉണ്ടെന്ന വാദം ശരിയല്ല. സാധാരണ നിലയില്‍ കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്. വീട് നഷ്ടപ്പെട്ടാല്‍ എസ്ഡിആര്‍എഫ് (SDRF) മാനദണ്ഡപ്രകാരം 1.25 ലക്ഷം രൂപയേ ചെലവാക്കാന്‍ പറ്റു. വയനാട്ടില്‍ പത്ത് ലക്ഷം രൂപയാണ് ഒരു വീടിന് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ 394.95 കോടിയാണ് നീക്കിയിരിപ്പുണ്ടായിരുന്നത്. 145.6 കോടി കേന്ദ്രം പിന്നീട് അനുവദിച്ചു. രണ്ടും കൂടി 588.95 കോടി രൂപയാണ് ദുരന്തസമയത്ത് ഉണ്ടായിരുന്നത്. വിശദാമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.