ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ഹൈക്കോടതി. ദുരിതാശ്വാസ പുനരധിവാസ പാക്കേജില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫിനാന്‍സ് ഓഫീസര്‍ നാളെ നേരിട്ട് ഹാജരായി കണക്കുകള്‍ ബോധിപ്പിക്കണം.
ദുരന്തത്തിന് മുന്‍പ് സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ എത്ര തുക ഉണ്ടായിരുന്നു, കേന്ദ്രസര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസ ഫണ്ടില്‍ എത്രതുക സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ ബാക്കിയുണ്ട്, അതില്‍ വിനിയോഗിക്കാവുന്ന എത്രതുക ഉണ്ടായിരുന്നു, കേന്ദ്രം അനുവദിച്ചതില്‍ എത്ര തുക വിനിയോഗിച്ചു, വയനാട്ടില്‍ പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും ഇനി എത്രതുക കൂടി വേണം, കേന്ദ്രം എത്രധനസഹായം നല്‍കണം എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കളര്‍കോട് വാഹനാപകടം : ആൽബിൻ ജോർജിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ സംസ്ഥാനത്ത കുറ്റപ്പെടുത്തുന്ന നിലപാട് തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം വിശദനിവേദനം നല്‍കിയത് ഏറെ വൈകിയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്ക് നല്കിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കുന്നത്.
2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത് മൂന്നരമാസത്തിന് ശേഷമാണെന്നും ഇതുവരെ 291 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ വയനാട് മുണ്ടക്കൈ ദുരന്തത്തെ ഏത് വിഭാഗത്തില്‍ പെടുത്തുമെന്ന കാര്യത്തെ കുറിച്ച് മറുപടിയില്‍ പറയുന്നില്ല.