വയനാട് മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കുന്നതിനായി കേന്ദ്രം സാവകാശം തേടി. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ദുരന്തവും തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആറാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, ദുരന്തബാധിതര്‍ക്കായി താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പറയുന്നു. വയനാട്ടില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.