വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്. കേന്ദ്രസര്‍ക്കാരിന്റെ തനിനിറം തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നെന്നും കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. കേന്ദ്ര നിലപാടിനെതിരെ ദേശീയ-സംസ്ഥാന തലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ നിധി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. വയനാടിന് വേണ്ടത് എസ്ഡിആര്‍എഫ് അല്ല മറിച്ച് സ്പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്സ് ആണെന്ന് സതീശന് ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം കൊടുത്തിട്ടുണ്ട്.
കേരളത്തെ മനപ്പൂര്‍വമായി അവഗണിക്കുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫുമായി യോജിച്ചുള്ള സമരത്തിനില്ല. കാരണം ഇവര്‍ എപ്പോഴാണ് കോംപ്രമൈസ് ആകുന്നതെന്ന് പറയാന്‍ പറ്റില്ല. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശക്തി യുഡിഎഫിനുണ്ടെന്നും കേരളത്തിന്റെ വിഷയം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സതീശന് അഭിപ്രായപ്പെട്ടു.
വയനാടിനോടുള്ള അവഗണന കേരളത്തോടുള്ള അവഗണനയാണ്. പ്രധാനമന്ത്രി സന്ദര്‍ശിച്ചിട്ടും കേന്ദ്രസംഘം പഠനം നടത്തിയിട്ടും ഒരു സഹായവും ലഭിച്ചിട്ടില്ല എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുന്നു. യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കും. വിഷയം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണായുധമാക്കുമെന്നും സതീശന് വ്യക്തമാക്കി.
ദുരന്തത്തിന്റെ കൃത്യമായ കണക്ക് കേരളം നല്‍കിയിട്ടില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയെ സതീശന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇക്കാര്യം പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ് അല്ലാതെ കെ സുരേന്ദ്രനല്ല. സുരേന്ദ്രനോട് ആരും പണം ചോദിച്ചിട്ടില്ലെന്നും സതീശന് പറഞ്ഞു.