എല്ലാം പാര്‍ട്ടി തീരുമാനിക്കും എന്നാണല്ലോ സി പി എം നേതാക്കള്‍ എല്ലാകാലത്തും പറഞ്ഞിരുന്നത്. എന്ത് വിവാദമുണ്ടായാലും രാഷ്ട്രീയമായ നീക്കങ്ങളുണ്ടായാലും നമ്മള് എത്രയോ കാലമായി കേള്‍ക്കുന്നതാണ് അത് പാര്‍ട്ടി തീരുമാനിക്കും എന്ന്. ആരാണീ പാര്‍ട്ടിയെന്നായിരുന്നു കാലമേറെയായുള്ള പുതിയ തലമുറക്കാരുടെ സംശയം.
പാര്‍ട്ടിയെന്നാല്‍ ഒരാളല്ല എന്നും പാര്‍ട്ടിയുടെ അഭിപ്രായം സമുന്നതരായ നേതാക്കള്‍ മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയാണ് പതിവെന്നുമായിരുന്നു നേതാക്കള്‍ ചിലരൊക്കെ അണികളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയെന്നാല്‍ ഒരാളാണ് എന്നും പാര്‍ട്ടി തീരുമാനിക്കും എന്നു പറയുന്നതിന്റെ അര്‍ത്ഥം അത് പിണറായി മാത്രമാണെന്നും പിണറായി സഖാവ് തീരുമാനിക്കുന്നത് നടപ്പാക്കുകയെന്നതാണ് ഈ പാര്‍ട്ടിയുടെ രീതിയെന്നും ഇപ്പോള്‍ നാം തിരിച്ചറിയുന്നു.

കുറേ കാലമായി സി പി എം എന്നാല്‍ പിണറായിയായി മാറിയിരിക്കുകയാണ്. പിണറായി പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് കേരളത്തിലെ സി പി എമ്മില്‍ പിണറായിസത്തിന്റെ തുടക്കമെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. പാര്‍ട്ടിയെ പൂര്‍ണമായും തന്റെ കൈപ്പിടിയില്‍ ഒതുക്കാനായി പിണറായി നടത്തിയ തേരോട്ടം. അതില്‍ ശക്തരില്‍ ശക്തനായ വി എസ് പോലും കടപുഴകിവീണു.
തന്റെ ഒപ്പം നില്‍ക്കാത്തവരെ പൂര്‍ണമായും തുടച്ചു നീക്കിയാണ് പിണറായി തന്റെ സാമ്രാജ്യം ശക്തമാക്കിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് സമ്മേളനങ്ങള്‍ കഴിഞ്ഞ് കോട്ടയത്തെത്തിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായ പിണറായി എതിരാളികളില്ലാത്ത അവസ്ഥയിലായി.
കഴിഞ്ഞ എട്ട് വര്‍ഷമായി പാര്‍ട്ടിയും ഭരണവും കൈയ്യാളുന്നത് പിണറായി വിജയന് എന്ന ഒറ്റ ശക്തിയായിരുന്നു. പിണറായി വിജയന് എന്ന ഏകാധിപതിക്കെതിരെ പോരാടിയവരെല്ലാം സി പി എമ്മില്‍ നിഷ്ക്കാസിതരായി. പാര്‍ട്ടി ഭരണത്തിലേക്ക് വന്നതോടെ ഭരണവും പാര്‍ട്ടിയും എല്ലാം സ്വന്തം കൈപ്പിടിയിലേക്ക് ഒതുക്കാനുള്ള നീക്കങ്ങള്‍ വിജയിച്ചു.

ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ എന്ന പ്രയോഗം പോലും മാറി. പിണറായി സര്‍ക്കാര്‍ എന്നായി. നിരവധി ആരോപണങ്ങളാണ് ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നത് ഉയര്‍ന്നതെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടായതോടെ പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പിണറായി വിജയന് മാറുന്ന കാഴചയാണ് കേരളം കണ്ടത്.
ഭരണ തുടര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ രണ്ടാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതടക്കം നിരവധി ആരോപണങ്ങള്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉയര്‍ന്നപ്പോഴും അതൊന്നും മുഖ്യമന്ത്രി പരിഗണിക്കാന്‍ തയ്യാറായില്ല. ആരോപണങ്ങളുടെ പെരുമഴയുയര്ന്നപ്പോഴും പാര്‍ട്ടി നേതാക്കളെ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കാന്‍ പിണറായി വിജയന് സാധിച്ചു. പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ കോടിയേരി ബാലകൃഷ്ണനും പിണറായിയുടെ ചൊല്‍പ്പടിക്ക് നിന്ന നേതാവായി.

അതിനാല്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതടക്കം പിണറായിയുടെ ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്ന നിലയിലേക്ക് മാറി. കോടിയേരിയുടെ ആകസ്മിക വിടവാങ്ങലിനു ശേഷമാണ് എം വി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയാവുന്നത്.
ഒരു പക്ഷേ, പാര്‍ട്ടിയില്‍ ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍ സാധ്യതയുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ വരവിനെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഏറ്റവും ദുര്‍ബലനായ പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദന് മാറുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്.
നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസിലും പിന്നീട് കരിമണല്‍ കര്‍ത്തയില്‍ നിന്നും മാസപ്പടി പറ്റിയെന്ന ആരോപണത്തിലും പിണറായി പാര്‍ട്ടിയെ ഉപയോഗിച്ച് കടുത്ത പ്രതിരോധം തീര്‍ത്തു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴും പാര്‍ട്ടിയായിരുന്നു പ്രതിരോധം തീര്‍ത്തത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍പരാജയം സംഭവിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ശൈലിയാണ് തോല്‍വിക്ക് കാരണമെന്നായിരുന്നു പരക്കേ ഉയര്‍ന്ന ആരോപണം. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന ആവശ്യം വരെ ഒരുവേള ഉയര്‍ന്നു. എന്നാല്‍ അതിനൊന്നും അധിക ദിവസം ആയുസുണ്ടായില്ല.
തോല്‍വിയുടെ കാരണം പാര്‍ട്ടി അന്വേഷിച്ച് ശക്തമായ നിലപാട് കൈക്കൊള്ളുമെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് പ്രഖ്യാപിച്ചു. എന്നാല്‍ ഒരു തെറ്റു തിരുത്തല്‍ നടപടിയിലേക്കും കടക്കാന്‍ സി പി എമ്മിന് കഴിഞ്ഞില്ല.
ഇതിനിടയിലാണ് ഇടതു സഹയാത്രികനും നിലമ്പൂര്‍ എം എല്‍ എയുമായ പി വി അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ഥനായ എഡിജിപി എം ആര് അജിത് കുമാറിനെതിരേയും വന്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. സി പി എമ്മിനേയും മുഖ്യമന്ത്രിയേയും വലിയ തോതില്‍ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ വിഷയമായി വളര്‍ന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും എഡിജിപിയും ചേര്‍ന്ന് പൊലീസ് ഡിപ്പാര്‍ട്ട് മെന്റിനെ അധോലോകമാക്കിയെന്നും സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഏജന്റാണ് എഡിജിപിയെന്നും പരസ്യമായി ആരോപണമുയര്‍ത്തിയപ്പോഴും മുഖ്യമന്ത്രി മൗനത്തിലായി. പാര്‍ട്ടി സെക്രട്ടറിയെ കണ്ട് പരാതി ഉന്നയിച്ചു.
മുഖ്യമന്ത്രി 21-ാം ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വറിനെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് നാം കണ്ടത്. പി ശശിയെ വെള്ളപൂശാനും എം ആര് അജിത് കുമാറിനെ സംരക്ഷിക്കാനും മുഖ്യമന്ത്രി തീരുമാനിച്ചു.
പി ശശിക്കെതിരെ ഒരു നീക്കവും നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് മുഖ്യമന്ത്രി തന്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അത് പാര്‍ട്ടിയിലെ നേതാക്കള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയായിരുന്നു. എന്റെ തീരുമാനങ്ങളെ ആരും എതിര്‍ക്കാന്‍ വരേണ്ടെന്നും ആ തീരുമാനം അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും തയ്യാറാവണമെന്നും പിണറായി വ്യക്തമാക്കി.

പി ശശിക്കെതിരെ പാര്‍ട്ടിക്ക് പി വി അന്‍വര്‍ നല്കിയ പരാതി വായിച്ചു നോക്കാന്‍ പോലും ആരും തയ്യാറായില്ല. പി ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ലെന്നും അന്‍വറിനെ പൂര്‍ണമായും തള്ളുന്നതായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും പ്രഖ്യാപിച്ചു. പിണറായി പറയുന്നത് മാത്രമേ പാര്‍ട്ടിയില്‍ നടപ്പാവൂ എന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സെക്രട്ടറിയേറ്റ് തീരുമാനം. അതേ സി പി എം എന്നാല്‍ പിണറായിയാണ്. പാര്‍ട്ടി പറയുമെന്നു പറയുന്നത് പിണറായി വിജയന് പറയുന്നതാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ, ഉത്തര കൊറിയയിലെ ഭരണാധികാരിയെപ്പോലെയുള്ള ഒരു സമ്പ്രദായമാണ് ഈ പാര്‍ട്ടിയും പിന്തുടരുന്നത്. അതുകൊണ്ടാണ് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്നു പറയുന്നത്. സത്യമാണ് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല.