വാല്പാറ: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി വാല്പാറയിലെ ജനങ്ങൾ. സമരം വാൽപ്പാറ ഉൾപ്പടെ 183 വില്ലേജുകൾക്ക് കരട് വിജ്ഞാപനം ലഭിച്ചതിൽ പ്രതിഷേധിച്ച്.
തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതത്തിന് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിന്റെ (ESZ) കരട് വിജ്ഞാപനം പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഈ വിജ്ഞാപന പ്രകാരം കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ ജില്ലകളിലെ 183 വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശത്തെ സംരക്ഷിത മേഖലയായി നിർദ്ദേശിക്കുന്നുണ്ട്. അജണ്ട പാസായാൽ ചെറുകിട വ്യാപാരികളടക്കം പ്രതിസന്ധിയിൽ ആകുമെന്നതാണ് പ്രതിഷേധത്തിന് പിന്നിൽ.
കരട് വിജ്ഞാപനം അടുത്ത 60 ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നിരിക്കും. അതിനുള്ളിൽ ESZ പരിധിയിൽ വരുന്ന 183 വില്ലേജുകളിലെ താമസക്കാർക്കും എതിർപ്പുകളോ നിർദ്ദേശങ്ങളോ സമർപ്പിക്കാൻ അവസരം ലഭിക്കും. ESZ ആളുകളെയും അവരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്ര വ്യക്തമാക്കിയിരുന്നു.