ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ലഹരി ഉപയോഗം വലിയ തോതിലുള്ള അസമത്വത്തിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ യുവാവ് പൊലീസുകാരോട് താൻ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. പൊലീസുകാർ പോലും അമ്പരന്ന് പോയ നിമിഷങ്ങൾ.
കൃത്യമായി കൊലനടത്തിയ സ്ഥലങ്ങളും ആ യുവാവ് പോലീസിനെ ധരിപ്പിച്ചു. മൂന്നും വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ. പൊലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളിൽ എത്തുമ്പോഴാണ് കേരളം ഞെട്ടിത്തരിച്ച കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്. മാതാവ്, മുത്തശ്ശി, തന്റെ പെൺസുഹൃത്തിനെയും അവരുടെ മാതാപിതാക്കളെയും കൊന്നുവെന്ന് ഇയാൾ പറഞ്ഞതിന് പിന്നാലെ ആറ്റിങ്ങൽ ഡിവൈഎസ്പിയെ പോലീസുകാർ വിവരമറിയിച്ചു. ഡിവൈഎസ്പി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി. തുടർന്ന് മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കും സന്ദേശങ്ങൾ പങ്കുവെക്കപ്പെട്ടു. അഫാൻ പറഞ്ഞ വിവരങ്ങൾ സത്യമാണോയെന്ന് പൊലീസ് ആദ്യം തിരഞ്ഞത്. അന്വേഷണത്തിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.
പേരുമലയിൽ മൂന്നുപേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ ഇവിടെ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. അഫാന്റെ ഇരകളിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്സാനാണ്. പ്രതിയും സഹോദരനുമായി പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സഹോദരനെ വലിയ സ്നേഹമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സഹോദരനൊപ്പമുള്ള ധാരാളം ചിത്രങ്ങൾ അഫാൻ പങ്കുവച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷം സ്കൂളിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു അഫ്സാൻ. കൊലപ്പെടുത്തുന്നതിന് മുൻപ് അഫ്സാനെ അഫാൻ ഭക്ഷണം കഴിക്കാൻ പുറത്തുകൊണ്ടുപോയതായും സൂചനയുണ്ട്.
സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിൽ നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. ഇതിനുപുറമേ, സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകർന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
ആളുകളുമായി വലിയ സമ്പർക്കമൊന്നുമില്ലെങ്കിലും വലിയ കുഴപ്പക്കാരനായിട്ടൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരൻ ഇത്രയും ഹീനകൃത്യം നടത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. സാമ്പത്തികപ്രതിസന്ധിയാണ് കൊലപാതകങ്ങൾക്കു കാരണമെന്ന് നാട്ടുകാരും വിശ്വസിക്കുന്നില്ല. ഒരു ചെറുപ്പക്കാരന്റെ മനസ്സിൽ ഇത്രമാത്രം ക്രൂരത കയറിക്കൂടിയതെങ്ങനെയെന്ന ചിന്തയാണ് എല്ലാവരിലും ഉള്ളത്.
സമീപകാലത്ത് ലഹരി ഉപയോഗം ഒട്ടേറെ പേരുടെ ജീവൻ എടുത്തിരുന്നു. പുതുപ്പാടിയിൽ രാസലഹരിയുടെ ഉന്മാദത്തിൽ മകൻ പെറ്റമ്മയുടെ ജീവനെടുത്ത സംഭവം നെഞ്ചുലയ്ക്കുന്ന വേദനയായിരുന്നു നൽകിയത്. മസ്തിഷ്കാർബുദത്തിന് ചികിത്സയിലായിരുന്ന മാതാവിനെ മരിക്കുന്നത് വരെ വെട്ടുകയായിരുന്നു ആഷിഖ്. മരണം ഉറപ്പാക്കിയ ശേഷം കൊലക്കത്തി കഴുകിവെച്ച പ്രതി നാട്ടുകാരോടും പൊലീസിനോടും കുറ്റസമ്മതം നടത്തി.
കേരളത്തിൽ ലഹരി പിടിമുറുക്കുന്നു എന്ന കണക്കുകളാണ് നാൾക്കുനാൾ പുറത്ത് വരുന്നത്. വർഷം തോറും ലഹരി ഉപയോഗം കുതിച്ചുയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എറണാകുളം ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവവും ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിനു പിന്നിലും ലഹരി തന്നെയായിരുന്നു വില്ലൻ. പ്രതിയുടെ ലഹരി ഉപയോഗത്തിനെതിരെ അയല്വാസികള് നല്കിയ പരാതിയാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന.
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി നെന്മാറയിൽ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവം എന്നും നടുക്കുന്ന ഓർമ്മയാണ്. കാലത്തിനൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയും മാറുന്നു. സത്രീകൾക്കുനേരെയുള്ള അതിക്രമം സംസ്ഥാനത്ത് വർദ്ധിച്ചു. ലഹരി ഉപഭോഗവും മാറിയ ജീവിത സാഹചര്യങ്ങളും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായി. 2021ൽ 5,695 ലഹരിക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 26,619 ആയി. മൂന്നിരട്ടിയോളം വർദ്ധന. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ ഔദ്യോഗിക കണക്കു നോക്കിയാൽ അമ്പരന്നുപോകും.
ലഹരിയുടെ മായക്കാഴ്ചകളിൽ കുരുങ്ങുന്നവരിൽ കൂടുതൽ വിദ്യാർത്ഥികളും യുവാക്കളുമാണ്. 16 മുതൽ 22 വയസ് വരെയുള്ളവരിലാണ് ലഹരി ഉപയോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. തുടക്കക്കാരെന്ന നിലയിൽ മാത്രമാണ് പലരും ഇന്ന് കഞ്ചാവ് ഉപയോഗിക്കുന്നത്. കൂടുതലായി ഉപയോഗിക്കുന്നത് ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും. മെറ്റാഫിറ്റാമിൻ, ആൽഫെറ്റാമിൻ, എൽ.എസ്.ഡി എന്നീ ന്യൂജെൻ ഡ്രഗുകളും പിടിമുറുക്കുന്നുണ്ട്. ജിജ്ഞാസ ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന കൗമാരത്തിൽ ജീവിതത്തെ ഒരു പരീക്ഷണ ശാലയായി കാണുന്നവർ ഏറെയാണ്.
ലഹരി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചല്ല പലരും ഉപയോഗിച്ച് തുടങ്ങുന്നത്. എന്തെന്നറിയാനുള്ള കൗതുകത്തിൽ തുടങ്ങി സ്ഥിര ഉപഭോക്താവായി ക്രമേണ മാറുകയാണ്. പതിയെ ലഹരി ഉപയോഗത്തിനിടയിലെ ഇടവേളകൾ ചുരുങ്ങും. മാസത്തിൽ ഒരു തവണ ഉപയോഗിക്കുന്നതിൽ തുടങ്ങി ഒരാഴ്ചയായും അവസാനം മണിക്കൂറുകളായും മാറും.
അടിമപ്പെട്ടാൽ എന്തും ചെയ്യുന്നതിനുള്ള ധൈര്യമായി ലഹരി മാറുന്നുണ്ട്. തൊട്ടടുത്ത നിമിഷം വരെയും ജീവന്റെ ജീവനായി കരുതുന്നവരെ പോലും ഇല്ലാതാക്കുവാനുള്ള ഊർജമായി പോലും ലഹരി നിലകൊള്ളുന്നു. സമൂഹം ഇത്രകണ്ട് അസമത്വത്തിലേക്ക് പോകുമ്പോൾ നമ്മുടെ ഭരണസംവിധാനങ്ങൾ, പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയം തന്നെ എന്ന് പറയേണ്ടി വരുകയാണ്.