പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നീതി പൂര്‍വ്വമായി പൊലീസ് അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് മഞ്ജുഷ മുന്നോട്ട് വെച്ചത്. വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തീരുമാനം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതിലെ അതൃപ്തി കുടുംബാംഗങ്ങള്‍ എം വി ഗോവിന്ദനെ അറിയിച്ചിട്ടുണ്ട്.
നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്നും അന്വേഷണം നടക്കട്ടെയെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു.