തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ശോഭാ സുരേന്ദ്രന് സ്വാഗതം എന്ന ബോർഡ് സ്ഥാപിച്ചതോടെ കെ സുരേന്ദ്രൻ ക്യാമ്പ് ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
പ്രാദേശിക നേതാക്കൾ സ്ഥാനാർത്ഥിയായി എത്തുന്നതാണ് നല്ലതെന്ന നിർദ്ദേശവുമായി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയതോടെ ശോഭ പട്ടികയിൽ നിന്നും പുറത്തായി. ചേലക്കരയിൽ ദേശീയ നേതൃത്വം പരിഗണിച്ചിരുന്ന ഡോ സരസുവും പുറത്തായി.

ഇതോടെ പാലക്കാട് സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ എത്തി. കെ സുരേന്ദ്രനും പാലക്കാട് മത്സരിക്കാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ ശോഭാ സുരേന്ദ്രനായി പാർട്ടി പ്രവർത്തകർ നിലകൊണ്ടതോടെ കെ സുരേന്ദ്രൻ മത്സര രംഗത്തുനിന്നും സ്വയം പിൻവലിഞ്ഞു.
പകരം അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പക്കാരനായ സി കൃഷ്ണകുമാറിനെ രംഗത്തെത്തിക്കുകയായിരുന്നു. ഇതോടെ ശോഭാ സുരേന്ദ്രൻ വിഭാഗം പ്രവർത്തനരംഗത്ത് നിർജീവമായി. ശോഭാ സുരേന്ദ്രനുമായി വ്യക്തി ബന്ധം പുലർത്തുന്ന വലിയൊരു വിഭാഗം പ്രവർത്തകരും ഇതോടെ സജീവമല്ലാതായി.
കേരളത്തിലെ ബി ജെ പിയിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന വിഭാഗീയത ഉപതിരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ കരുത്താർജ്ജിച്ചതോടെ കെ സുരേന്ദ്രനും പ്രതിരോധത്തിലായി. ശോഭാ സുരേന്ദ്രനേയും അനുകൂലികളേയും ഒരുമിച്ചു നിർത്താനായില്ലെങ്കിൽ സി കൃഷ്ണകുമാറിന് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവാൻ പോവുന്നത് എന്ന് വ്യക്തമായി അറിയാവുന്ന സംസ്ഥാന അധ്യക്ഷൻ വിഷയം ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചതായാണ് വിവരം.
സംസ്ഥാനത്തിന്റെ പ്രഭാരികൂടിയായ പ്രകാശ് ജാവഡേക്കർ, വിഷയം അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തിയതായാണ് അറിയുന്നത്. ശോഭാ സുരേന്ദ്രന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകിയ ദേശീയ നേതാക്കളിൽ ഒരാൾ അമിത് ഷായായിരുന്നു.
വാരണാസിയിലടക്കം തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന് ഏറെ സ്വീകാര്യതയുള്ള വനിതാ നേതാക്കളിൽ ഒരാളുമാണ്. എന്നാൽ തുടർച്ചയായി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നതായി ശോഭാ സുരേന്ദ്രൻ നേരത്തെ തന്നെ പരാതിയയുർത്തിയിരുന്നു.
പാലക്കാട് മണ്ഡലത്തിൽ ബി ജെ പിക്ക് വലിയ മുന്നേറ്റമുണ്ടാക്കിയ സ്ഥാനാർത്ഥിയാണ് ശോഭ സുരേന്ദ്രൻ. 2016-ൽ സിപിഎമ്മിനെ പിന്തള്ളി ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭയെ ഇത്തണവണ വിജയ സാധ്യതയുള്ള പാലക്കാട് മത്സരിക്കാൻ അനുവദിക്കാഞ്ഞാത് ശോഭാ പക്ഷത്തെ പ്രകോപിതരാക്കിയിട്ടുണ്ട്.
ശോഭയെ എന്തുകൊണ്ട് അവഗണിച്ചു എന്ന ചോദ്യമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്. കൺവെൻഷനുകളിൽ ശോഭാ വിഭാഗം നേതാക്കൾ പങ്കെടുക്കാത്തതും പ്രചരണ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നതും പ്രശ്നത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.
പാലക്കാട് ബി ജെ പിയിൽ തർക്കങ്ങളില്ലെന്ന് ആവർത്തിക്കുകയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറും. നേതൃത്വം ഇതൊക്കെ പറയുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ബി ജെ പിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.
ഇന്നോടെ ശോഭാ സുരേന്ദ്രനെ പാലക്കാട് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കി നിർത്താനുള്ള നീക്കമാണ് കെ സുരേന്ദ്രൻ നടത്തുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാവണമെന്ന് ശോഭാ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയെന്നാണ് ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നത്.
പാലക്കാട് ബി ജെ പിക്ക് ഇത്തവണ തിരിച്ചടിയുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരിക്കുമെന്ന നിലപാടിലാണ് സുരേന്ദ്രൻ വിരുദ്ധപക്ഷം. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നിൽ കെ സുരേന്ദ്രന്റെ വ്യക്തിപരമായ താല്പര്യമാണെന്ന ആക്ഷേപവും ഉയർന്നതോടെ നേതൃത്വം കൂടുതൽ പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് ശോഭാ സുരേന്ദ്രനെ മണ്ഡലത്തിൽ സജീവമാക്കാനുള്ള നീക്കത്തിന് ശക്തിപ്രാപിച്ചത്.