കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ പ്രതിനിദാനം ചെയ്യുകയെന്നത് ആദരവായി കണക്കാക്കുമെന്നും വയനാടിനായി പോരാടുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്കാഗാന്ധി. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന റോഡ്ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
17 വയസുള്ളപ്പോഴാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. പിന്നീട് അച്ഛനും അമ്മക്കും സഹോദരനുമായി 35 വര്‍ഷങ്ങളായി പ്രചരണം നടത്തി. എന്നാല്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി നിങ്ങളുടെയെല്ലാം പിന്തുണ ചോദിച്ച് പ്രചരണത്തിനെത്തുന്നത്. ഇത് വ്യത്യസ്തമായ ഒരനുഭവമാണ്. വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം തന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും, പിന്തുണ നല്കിയ കുടുംബത്തോടും നന്ദി പറയുന്നു.

അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം നല്‍കിയത് ആരാണോ അവരുടെ ഇടയില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നതും, അധികാരത്തില്‍ തുടരാനാന് ശ്രമിക്കുന്നതും. ഈ മൂല്യങ്ങളാണ് രാജ്യമെമ്പാടും 8000 കിലോമീറ്ററോളം നടക്കാന്‍ എന്റെ സഹോദരനെ പ്രേരിപ്പിച്ചത്. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധിക്കുമായിരുന്നില്ല.

ലോകം മുഴുവന്‍ സഹോദരനെതിരെ തിരിഞ്ഞപ്പോഴും വയനാട്ടുകാരായ നിങ്ങളാണ് അദ്ദേഹത്തിനൊപ്പം നിന്നതെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങള്‍ അദ്ദേഹത്തിന് പോരാടാനുള്ള കരുത്തും സ്നേഹവും ധൈര്യവും നല്കി. സഹോദരന് നല്കിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയിലെ ദുരന്തമേഖലയില്‍ സഹോദരനൊപ്പം വന്നിരുന്നു. അവിടെ എല്ലാം നഷ്ടമായവരെ ഞാന്‍ കണ്ടു.

കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടവര്‍, സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവര്‍ അങ്ങനെ ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാന്‍ കണ്ടു. എനിക്കവിടെ കാണാനായത് ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ഈ ധൈര്യം എന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഢമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളജ്, വന്യജീവി സംഘര്‍ഷം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും സഹോദരന് എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ആ പ്രശ്നങ്ങള്‍ നേരിട്ട് വന്ന് നിങ്ങളോട് സംസാരിക്കണമെന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ യാത്രയാണ്.
നിങ്ങളാണ് എന്റെ വഴികാട്ടികളെന്നും പ്രിയങ്ക പറഞ്ഞു. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ഞാന്‍ കുടുംബത്തോടൊപ്പം നിന്നിരുന്നു. ഇന്ന് നിങ്ങള്‍ എന്റെ കുടുംബമാണ്. നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും. ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും പ്രിയങ്ക വ്യക്തമാക്കി.