2024ൽ ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീകളും സ്ത്രീകളുടെ നേതൃമികവിലൂടെ ആർജിച്ചെടുക്കപ്പെട്ട നേട്ടങ്ങളും നിരവധിയാണ്. പോരാട്ടങ്ങളിലൂടെയും ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും കരുത്തുകാട്ടിയ ഒട്ടേറെ വനിതകൾ 2024ന്റെ പ്രതീകങ്ങൾ ആയിട്ടുണ്ട്.
വിനേഷ് ഫോഗട്ട്
വിനേഷ് ഫോഗട്ട് പോരാളിയും ഗുസ്തിതാരവും ഒരേപോലെ ഇന്ത്യക്കാർക്ക് സുപരിചിതമാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന താരമായിരുന്നു അവർ. രാജ്യാന്തര ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. സംഭവത്തിന് ശേഷം ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ശേഷം കോൺഗ്രസിൽ ചേരുകയും ഹരിയാനയിൽ നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബിജെപിക്കെതിരായ കോൺഗ്രസിന്റെ പോരാട്ട മുഖത്തെ ശ്രദ്ധ കേന്ദ്രവുമാണ് ഇപ്പോഴവർ.
പ്രിയങ്കാ ഗാന്ധി
പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി കടന്നുവന്ന വർഷമായിരുന്നു 2024. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിത്വവും വിജയവും പ്രിയങ്കാ ഗാന്ധിയെ പോയ വർഷത്തിൽ ശ്രദ്ധ കേന്ദ്രമാക്കി. അതിലുമപ്പുറം രാഹുൽ ഗാന്ധിയുടേതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥിരം സാനിധ്യമുണ്ടായിരുന്നു. രാജ്യത്ത് നടന്ന പല ചർച്ചകളിലും പ്രധാന പ്രതിഷേധ വേദികളിലും മറ്റും പ്രിയങ്ക ഗാന്ധിയുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു.
പായൽ കപാഡിയ
അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ‘ ന്റെ സംവിധായിക പായൽ കപാഡിയ എന്ന വനിത ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയായിരുന്നു. രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന കഥ കേരളത്തിന്റെ ഐ എഫ് എഫ് കെ വേദിയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ഐ എഫ് എഫ് കെയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ ‘അവാര്‍ഡും സിനിമ നേടി.
അതിഷി മർലെന
തന്റെ പിൻഗാമിയായി ഡൽഹി മുൻ മുഖ്യമന്ത്രി കെജ്രിവാൾ പ്രഖ്യാപിച്ച അതിഷി മർലെനയാണ് രാജ്യം ചർച്ച ചെയ്ത മറ്റൊരു വനിത. സുഷമാ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ സ്ത്രീയാണ് അതിഷി. 2013 ല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ അതിഷി തന്റെ 43-ാം വയസില്‍ കെജ്രിവാള് അറസ്റ്റിലായതിന് ശേഷം ആം ആദ്മിയുടെ തന്നെ മുഖമായി മാറുകയായിരുന്നു.
നയന്‍താര
സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നയൻതാര- ധനുഷ് തർക്കം. നയൻ താരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമന്ററിയും ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നവുമെല്ലാം ഹോട്ട് ടോപിക്ക് ആയി. ലേഡി സൂപ്പർ സ്റ്റാറെന്ന ഖ്യാതിയുള്ള നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും അണിയറ പ്രവർത്തകരും ലക്ഷക്കണക്കിന് ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തിയിരുന്നു.
ജസ്റ്റിസ് ഹേമ
മലയാള സിനിമാ ലോകത്തെയാകെ പിടിച്ചുലച്ച പേരാണ് ജസ്റ്റിസ് ഹേമയുടേത്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ഹേമ അധ്യക്ഷനായിരുന്ന ബെഞ്ചാണ് അന്വേഷണം നടത്തിയത്. നടന് സിദ്ധിക്കും ജയസൂര്യയുമുള്‍പ്പെടെ സിനിമാ മേഖലയിലെ പലര്‍ക്കുമെതിരെ പരാതികളും പരാമര്‍ശങ്ങളും ഉയര്‍ന്നു. കേരളാ മോഡലിനെ പിന്തുടര്ന്ന് കന്നഡ സിനിമയില്‍ പോഷ് കമ്മിറ്റി രൂപീകരിക്കുകയും തമിഴ്നാട് സിനിമാ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയുമാണ്. അടുത്ത ഒരു വർഷത്തിലേക്ക് കടക്കുമ്പോഴും ജസ്റ്റിസ് ഹേമ മലയാള സിനിമാ മേഖലയ്ക്ക് മേൽ ഇപ്പോഴുമുണ്ട്.
ഡബ്ല്യൂസിസി (WCC)
ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച ചർച്ചകൾക്കൊപ്പം നിറഞ്ഞുനിന്ന പേരായിരുന്നു ഡബ്ല്യൂസിസി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശത്തിനു വേണ്ടി നിര്‍മിക്കപ്പെട്ടതാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഈ സംഘടന. 2017 നവംബര്‍ 1 ന് ആണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഈ വര്‍ഷവും ഡബ്ല്യൂസിസി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു വേണ്ടി കോടതി കയറിയിറങ്ങി, നിയമ പോരാട്ടങ്ങള്‍ നടത്തി. ഈ വര്‍ഷമാണ് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തിറങ്ങിയതും, പല പ്രമുഖരുള്‍പ്പെടെ കുടുങ്ങിയതും.
മറിയക്കുട്ടി
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണില്‍ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച മറിയക്കുട്ടിയെ അങ്ങനെയൊന്നും ആരും മറക്കാന്‍ വഴിയില്ല. ‘മജിസ്ട്രേറ്റ് മറിയക്കുട്ടി’എന്നാണ് ഇപ്പോള്‍ ഇവരെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. സംഭവം വൈറലായതോടെ മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കിയിരുന്നു.
ശ്രുതി
ചൂരൽ മലയിലെ മണ്ണിടിച്ചിലിൽ ഉറ്റവരെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയും ഈ വർഷം സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നു. അച്ഛനുമമ്മയുമടക്കം ഒൻപത് പേരെ ഉരുൾ പൊട്ടലിലും വാഹനാപകടത്തിൽപ്പെട്ട് പ്രതിശ്രുത വരൻ ജെൻസണെയും ശ്രുതിയ്ക്ക് നഷ്ടമായി. നിലവിൽ റവന്യൂ വകുപ്പിൽ ക്ലർക്ക് ആയി ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
കനി കുസൃതി, ദിവ്യ പ്രഭ
അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ‘ ന്റെ കേന്ദ്ര കഥാപാത്രങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ചരിത്ര നിമിഷം കൂടിയാണ് സമ്മാനിച്ചത്. രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന കഥ കേരളത്തിന്റെ ഐ എഫ് എഫ് കെ വേദിയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചു. കൂടാതെ ഐ എഫ് എഫ് കെയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ ‘അവാര്‍ഡും സിനിമ നേടി. സിനിമയിലെ ഒരു ദൃശ്യത്തിന്റെ പേരിൽ ദിവ്യപ്രഭ വലിയ സൈബർ അതിക്രമങ്ങളും നേരിട്ടിരുന്നു.