ന്യൂഡൽഹി: കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സി.ഡി.എസ്.) പ്രവേശനപരീക്ഷ എഴുതാൻ വനിതാ ഉദ്യോഗാർഥികളെയും അനുവദിക്കണമെന്ന ഹർജിയിൽ പ്രതിരോധ മന്ത്രാലയത്തോട് വിശദീകരണംതേടി ഡൽഹി ഹൈക്കോടതി.
ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ.എം.എ.), ഇന്ത്യൻ നേവൽ അക്കാദമി (ഐ.എൻ.എ.), ഇന്ത്യൻ എയർഫോഴ്സ് അക്കാദമി (എ.എഫ്.എ.) എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സി.ഡി.എസ്. അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച ഹർജിയിലാണ് എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി അറിയിക്കാൻ ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
സമാന ആവശ്യം ഉന്നയിച്ച് 2023 ഡിസംബർ 22-ന് കുഷ് കൽറ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നുവെങ്കിലും പ്രതികരണമുണ്ടാകാഞ്ഞതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
പന്ത്രണ്ടാംക്ലാസ് പാസായ ഉദ്യോഗാർഥികൾക്കുള്ള നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ.) പരീക്ഷയും ബിരുദധാരികൾക്കുള്ള സി.ഡി.എസ്. പരീക്ഷയുമാണ് സായുധ അക്കാദമികളിലേക്കുള്ള പ്രധാനപ്പെട്ട പ്രവേശന പരീക്ഷകൾ.
2021 ഓഗസ്റ്റുവരെ ഈ പരീക്ഷകളെഴുതാൻ വനിതാ ഉദ്യോഗാർഥികളെ അനുവദിച്ചിരുന്നില്ല. എന്നാൽ, സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്ന് ചരിത്രത്തിലാദ്യമായി 2021 ഡിസംബറിലെ എൻ.ഡി.എ. പരീക്ഷയിൽ വനിതാ ഉദ്യോഗാർഥകളെ ഉൾപ്പെടുത്തി.
19 സീറ്റുകളാണ് ആദ്യഘട്ടത്തിൽ വനിതകൾക്കായി മാറ്റിവെച്ചത്. തുടർന്നുള്ള വർഷങ്ങളിൽ അധികസീറ്റുകൾ അനുവദിക്കുകയും കൂടുതൽ വനിതാ ഉദ്യോഗാർഥികൾ പ്രവേശനം നേടുകയും ചെയ്തു.