ശ്രീദേവിയോടുള്ള ഇഷ്ടം മകളോടില്ല, ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല എന്ന് സംവിധായകൻ രാം ഗോപാൽ വർമ. ഇന്നും ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നും എന്നാല്‍ അവരുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും രാം ഗോപാൽ വർമ്മ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതെന്നും അങ്ങനെ ആയിരിക്കും. പാദഹരല്ലെ വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ അവരുടെ ചെറു പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് കൈകാര്യം ചെയ്തിരിക്കുന്ന രീതിയും ചിന്താതീതമാണ്. ഒരു സംവിധായകന് എന്നതിനപ്പുറം സാധാരണ പ്രേക്ഷകന് എന്ന നിലയിലാണ് ആ ചിത്രങ്ങള്‍ എന്നെ സ്വാധീനിച്ചത്.
ജാന്‍വിയെ കാണാനും അവരുടെ അഭിനയവും ശ്രീദേവിയെ പോലെ ഉണ്ട് എന്ന് പറയുന്നവര്‍ ഇപ്പോഴും ശ്രീദേവിയുടെ ഹാങ്ഓവറില്‍ നിന്ന് പുറത്തുവന്നിട്ടില്ലാത്തവരാണ്. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല. ഞാന്‍ ഇഷ്ടപ്പെട്ടത് അമ്മയെയാണ്, മകളെയല്ല. ജാന്‍വിയുമായി എനിക്ക് അടുപ്പമുണ്ടാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ജാന്‍വിയെ വെച്ച് സിനിമ ചെയ്യുമെന്നും തോന്നുന്നില്ല എന്ന് രാം ഗോപാൽ വർമ പറഞ്ഞു.