ആയുസ്സ് തീരാറായിട്ടും ആശ തീരാത്ത മുതിർന്ന നേതാക്കളുടെ വാശികൾക്ക് മുൻപിൽ കോൺഗ്രസിനുള്ളിലെ പുനസംഘടന നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമായും പുനസംഘടന വൈകുന്നതിന്റെ കാരണം മുതിർന്ന ആളുകളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടക്കാത്തത് തന്നെയാണ്. കൂടുതൽ ചെറുപ്പക്കാരെയും വനിതകളെയും ഉൾപ്പെടുത്തുവാൻ നേതൃത്വം പരമാവധി ശ്രമിക്കുമ്പോഴും പഴയ താപ്പാനകൾ മാറാത്തത് തിരിച്ചടിയായി മാറുകയായിരുന്നു. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായി. ജനങ്ങൾക്കിടയിൽ യാതൊരു സ്വീകാര്യതയും ഇല്ലെങ്കിലും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ എല്ലാകാലത്തും കെപിസിസി ഭാരവാഹിയായി ലിസ്റ്റിൽ ഇടം പിടിക്കുന്ന ചിലരുണ്ട്. അവരുടെ വാശികൾക്ക് മുൻപിൽ ആണ് കെപിസിസി പുനസംഘടന ഇങ്ങനെ നീണ്ടുനീണ്ട് പോകുന്നത്.
നിലവിൽ ടി എൻ പ്രതാപനും ടി സിദ്ധിക്കും കൊടിക്കുന്നിൽ സുരേഷുമാണ് കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റുമാർ. ഇവരാരും ഒഴിഞ്ഞു കൊടുക്കുന്നതിന് തയ്യാറല്ല. അങ്ങനെ വരുമ്പോൾ നേതൃത്വത്തിന് മുന്നിലുള്ള ഏക പോംവഴി വർക്കിംഗ് പ്രസിഡന്റ് രീതിയിൽ തന്നെ വർക്കിംഗ് ജനറൽ സെക്രട്ടറിമാരെ ഉൾപ്പെടുത്തുക എന്നതാണ്. നിലവിൽ അതിനുള്ള പരിശ്രമങ്ങളാണ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്. പഴയ പല്ലവി പോലെ മുതിർന്ന നേതാക്കളെ ജനറൽസെക്രട്ടറിമാരായും പ്രവർത്തിക്കുന്ന അതിലേറെ ജന സ്വീകാര്യതയുള്ള നേതാക്കളെ വർക്കിംഗ് ജനറൽ സെക്രട്ടറിമാർ ആക്കുവാനുമാണ് നേതൃത്വത്തിന്റെ ആലോചന. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതായാണ് സൂചന. ദേശീയ നേതൃത്വം നടത്തിയ സർവ്വേയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ അടിമുടി മാറ്റമാണ് നിർദ്ദേശിക്കുന്നത്. എന്നാൽ അതിനെ ഇവിടുത്തെ മുതിർന്ന നേതാക്കൾ അംഗീകരിക്കുവാൻ തരമില്ല.
പുനസംഘടനക്ക് മുന്നോടിയായി കേരളത്തിൻെറ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് സമർപ്പിച്ച റിപോർട്ടിൽ സംസ്ഥാനത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരിൽ പത്ത് പേരുടെയും പ്രവർത്തനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തെ പാലോട് രവി, കൊല്ലത്തെ രാജേന്ദ്ര പ്രസാദ്, പത്തനംതിട്ടയിലെ സതീഷ് കൊച്ചുപറമ്പിൽ, കോട്ടയത്തെ നാട്ടകം സുരേഷ്, ആലപ്പുഴയിലെ ബി. ബാബുപ്രസാദ്, ഇടുക്കിയിലെ സി.പി മാത്യു, പാലക്കാട്ടെ എ തങ്കപ്പൻ, വയനാട്ടിലെ എൻ.ഡി അപ്പച്ചൻ, കാസർകോട്ടെ പി.കെ ഫൈസൽ എന്നിവരുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്നാണ് വിലയിരുത്തൽ.
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പിരിച്ചുവിട്ടതിനാൽ തൃശൂരിൽ ഇപ്പോൾ ഡിസിസി പ്രസിഡന്റ് ഇല്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പുന:സംഘടന നടക്കുമ്പോൾ പത്ത് ഡിസിസി അധ്യക്ഷന്മാരുടെ പണി തെറിക്കാനാണ് സാധ്യത. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് പാർട്ടിയുടെ എല്ലാ ജില്ലാ ഘടകങ്ങളെയും ഒരുപോലെ പ്രവർത്തന സജ്ജമാക്കിയാലേ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം തിരിച്ചുപിടിക്കാനാവൂ എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻെറ വിലയിരുത്തൽ. തലസ്ഥാനത്തെ ജില്ലാ കോൺഗ്രസിനെ നയിക്കുന്ന പാലോട് രവി സമ്പൂർണ പരാജയമാണ് എന്നാണ് കോൺഗ്രസ് സംസ്ഥാന ദേശിയ നേതൃത്വങ്ങളുടെ വിലയിരുത്തൽ. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിൻെറ നോമിനിയായാണ് രാജേന്ദ്രപ്രസാദ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായത്. എന്നാൽ ഇപ്പോൾ രണ്ട് പേരും വിരുദ്ധ ധ്രുവങ്ങളിലാണ്.
എൽഡിഎഫിന് മേൽക്കൈയുളള കൊല്ലത്ത് ശക്തമായ എതിരാളിയായി പാർട്ടിയെ മാറ്റുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ പാർട്ടിയുടെ സ്ഥിതി പരിതാപകരമാണെന്നാണ് എഐസിസി പ്രതിനിധിയുടെ വിലയിരുത്തൽ. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ വരുമ്പോൾ ജില്ലയിൽ 400ൽപരം ബൂത്തുകളിൽ കമ്മിറ്റിയുണ്ടായിരുന്നില്ല. ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചോർച്ച ഉണ്ടായതും ഡിസിസി പ്രസിഡന്റിന് നെഗറ്റീവ് മാർക്കായി.
ഇടുക്കിയിലും സമാനമായ സ്ഥിതിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സംഘടനാ ദൗർബല്യങ്ങൾ വെളിപ്പെട്ടതാണ് അവിടത്തെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ തങ്കപ്പന് വിനയായത്. സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന് അതൃപ്തിയുണ്ടെങ്കിലും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണ ഇപ്പോള്‍ സുധാകരനുണ്ട്. കൂടുതൽ വർക്കിംഗ് ജനറൽ സെക്രട്ടറിമാർ വരുന്നതോടെ കെപിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്വങ്ങൾ അവരിലേക്ക് കൂടി വിഭജിച്ച് നൽകുവാനാണ് ദേശീയ നേതൃത്വത്തിന്റെ ഉദ്ദേശം.