കൊച്ചി: അതിരുകൾ ഇല്ലാത്ത സിനിമാ സ്വപ്നങ്ങളുമായി യുവ എഴുത്തുകാരി ആര്യഭുവനേന്ദ്രൻ നിർമ്മിച്ച പുതിയ ചിത്രം ‘കള്ളം’ പ്രേക്ഷകരിലേക്ക്, ചിത്രത്തിൻ്റെ തിരക്കഥയും ആര്യയുടെതാണ്.
മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി ഈ ചിത്രത്തിലൂടെ സാന്നിധ്യമറിയിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ മലയോര ഗ്രാമമായ വിതുരയിൽ നിന്നുമാണ് ആര്യ ഭുവനേന്ദ്രൻ എന്ന എഴുത്തുകാരി അതിരുകൾ ഇല്ലാത്ത തൻ്റെ സിനിമാ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇറങ്ങിതിരിച്ചത്. ചിത്രം ഈ മാസം 13 ന് റിലീസ് ചെയ്യും. നിർമ്മാണത്തിന് പുറമെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യയാണ് രചിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകൻ അനുറാമാണ് ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അടിച്ചമർത്തലുകളും ചൂഷണങ്ങളും ചർച്ചചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ അതെല്ലാം അതിജീവിച്ച് ഒരു സ്ത്രീ കൂടി സിനിമാ മേഖലയിൽ ചുവടുറപ്പിക്കാൻ മുന്നോട്ട് വരുന്നത് എടുത്ത് പറയേണ്ടതാണ്.
ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന സിനിമാ മോഹങ്ങൾ യഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ആര്യ. കുട്ടിക്കാലം മുതൽ സിനിമയോടും എഴുത്തിനോടും കമ്പമുണ്ടെങ്കിലും സിനിമയോട് അടങ്ങാത്ത അഭിനിവേശം ആരംഭിക്കുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഡിഗ്രീ,പിജി പഠന കാലഘട്ടത്തിൽ ആണ്. യൂണിവേഴ്സിറ്റി ലൈബ്രറിയിലെയും പബ്ലിക് ലൈബ്രറിയിലെയും തിരക്കഥാ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയതിൽ നിന്നാണ് തിരക്കഥാ രചനയുടെ സാങ്കേതികത തലങ്ങൾ ആര്യ മനസ്സിലാകുന്നത്. ക്രൈം ത്രില്ലറുകൾ എഴുതാനാണ് ആര്യയ്ക്ക് കൂടുതൽ ഇഷ്ടം. കള്ളവും അത്തരത്തിൽ ഒരു കുറ്റാന്വേഷണ ചിത്രമാണ്.ഒപ്പം ചില സാമൂഹിക വിഷയങ്ങളും ചിത്രത്തിലൂടെ സംസാരിക്കാൻ ആര്യ ശ്രമിക്കുന്നുണ്ട്.
സിനിമ സ്വപ്നം കാണുന്ന, സിനിമാ മേഖലയുമായി വലിയ ബന്ധങ്ങൾ ഇല്ലാത്ത ചെറുപ്പക്കാർക്ക് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കടമ്പകൾ മറികടക്കേണ്ടതുണ്ട്.അത്തരം വെല്ലുവിളികൾ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടേണ്ടി വരുമെങ്കിലും സ്ത്രീകളുടെ വഴിയിൽ സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നത് ആര്യ പറയുന്നു. സ്ത്രീകൾക്ക് അത്തരം കാഴ്ചപ്പാടുകളെയും മുൻവിധികളെയും കൂടി അതിജീവിച്ച് വേണം പാഷനുമായി മുന്നോട്ട് പോകേണ്ടത്. ആര്യ വ്യക്തമാക്കി.ഇന്ന് മലയാള സിനിമയുടെ സാങ്കേതിക രംഗങ്ങളിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച ഓരോ സ്ത്രീയും തങ്ങളെ പുറകോട്ട് വലിക്കുന്ന അത്തരം മുൻവിധികളും കാഴ്ചപ്പാടുകളും കൂടി അതിജീവിച്ചവരാണ് എന്നും ആര്യ കൂട്ടിച്ചേർത്തു.
ഇപ്പോൾ ആര്യയുടെ ആദ്യ സിനിമ ആയ ‘കള്ളം’ യഥാർഥ്യമാക്കാൻ കുടുംബവും ആര്യയ്ക്കൊപ്പം നിന്നു. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വിതുര എന്ന ഗ്രാമത്തിന്റെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ തനിക്ക് കള്ളം എന്ന ചിത്രം കാമിയോ എന്റർടൈൻമെന്റ്സ് എന്ന സ്വന്തം നിർമ്മാണത്തിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ലയെന്ന് ആര്യ പറഞ്ഞു.ഭുവനേന്ദ്രൻ നായരും, ഷൈലജ കുമാരിയുമാണ് ആര്യയുടെ മാതാപിതാക്കൾ. ഭർത്താവ് സൈജുവും മകൻ ഏഴു വയസ്സുകാരൻ വിഹാനും ആര്യയുടെ സിനിമ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒപ്പം തന്നെയുണ്ട്.