ലഖ്നോ: സംഭാൽ ജില്ലയിലെ ബഹജോയി മേഖലയിൽ കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന വീടുകളിൽ നിന്ന് മുന്നറിയിപ്പില്ലാതെ 80 മുസ്ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സർക്കാർ.
ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. വീടുകളിൽ നിന്നും ഇറക്കിവിടുന്നതിന് മുൻപ് തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഉച്ചക്ക് 1.15ഓടെ സർക്കാർ ഉദ്യോഗസ്ഥർ വന്ന് വീടുകൾ സീൽ ചെയ്യുകയായിരുന്നു.
നോട്ടീസ് പോലുമില്ലാതെ വീടുകളിൽ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണർ പറഞ്ഞു.
വീടുകളിൽ നിന്നും ഇറക്കിവിട്ട കുടുംബങ്ങൾ യു.പി സർക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങൾ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തയാറായില്ല.