ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ 21 റണ്‍സിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള് ഔട്ടായി.
ഏകദിന ലോകകപ്പില്‍ ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മറികടന്ന ഓസീസിനായി ഇത്തവണയും അര്‍ധസെഞ്ചുറിയുമായി മാക്സ്വെല് പൊരുതിയെങ്കിലും ജയം അടിച്ചെടുക്കാനായില്ല.മൂന്ന് നിര്‍ണായക ക്യാച്ചുകളും നാലു വിക്കറ്റും വീഴ്ത്തിയ ഗുല്‍ബാദിന്‍ നൈബാണ് കളിയിലെ താരം.
ജീവന്മരണപ്പോരാട്ടത്തില് അഫ്ഗാനിസ്ഥാന് ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു.അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ ഇനി ഓസീസിന് സെമിയിലെത്താനാവു.അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമിയിലെത്താം.ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയമാണിത്.ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം വീട്ടിയാണ് അഫ്ഗാനിസ്ഥാന്റെ തകര്‍പ്പന്‍ ജയം.